സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ ആഡംബരക്കാറുകൾ സമ്മാനിച്ച് യു.എ.ഇ.യിലെ വ്യവസായി

ദുബായ് : സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ ജെറ്റോർ ടി 2 ആഡംബരക്കാറുകൾ സമ്മാനിച്ച് യു.എ.ഇ.യിലെ വ്യവസായി അംജദ് സിത്താര. മികച്ചപ്രവർത്തനത്തിന് നൽകിയ ഈ അംഗീകാരം കോർപ്പറേറ്റ് ലോകത്തിന് നല്ലൊരു മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.സി.സി. ഗ്രൂപ്പിന്റെയും ബി.സി.സി. പ്രോപ്പർട്ടീസിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് കണ്ണൂരിൽ സ്വദേശിയായ ഈ യുവ വ്യവസായി. തന്റെ ബിസിനസ് വിജയത്തിൽനിന്ന് നല്ലൊരുപങ്ക് ജീവനക്കാർക്ക് നൽകുന്ന അദ്ദേഹത്തിന്റെ സമീപനം ഗൾഫ് ബിസിനസ് ലോകത്ത് നേരത്തേത്തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. 130 ശതമാനം വളർച്ച രേഖപ്പെടുത്തിയ കഴിഞ്ഞ വർഷം, മുൻവർഷങ്ങളിൽ കൊടുക്കാറുള്ളതിനെക്കാൾ കൂടുതൽ ബോണസും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് ബി.സി.സി. ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെ ആദരിച്ചത്. ഒരു അറിയിപ്പുമില്ലാതെ തീർത്തും അപ്രതീക്ഷിതമായാണ് വാഹനങ്ങൾ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചത്.
ഒരു സ്ഥാപനത്തിന്റെ വിജയം ഉടമയുടെ മാത്രം നേട്ടമല്ലെന്നും അതിനുപിന്നിൽ ആത്മാർഥമായി പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും പങ്കുണ്ടെന്നും നമ്മോടൊപ്പം വളരുന്നവരെയും ചേർത്തുപിടിച്ചു വളരുകയെന്നതാണ് പ്രധാനമെന്നും ചടങ്ങിൽ സംസാരിക്കവേ അംജദ് പറഞ്ഞു.



