മാൾട്ടാ വാർത്തകൾ

ഗോസോയെ കാർബൺ വിമുക്തമാക്കാൻ സമഗ്ര പദ്ധതിയുമായി വിജആർഡിഎയും കെപിഎംജിയും

ഗോസോയിൽ 2040-ഓടെ ഹരിതഗൃഹ വാതക നെറ്റ്-സീറോ (Net-zero emissions) എന്ന ലക്ഷ്യത്തോടെ ഗോസോ റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റിയും (GRDA) കെപിഎംജിയും (KPMG) ചേർന്ന് ഒരു തന്ത്രപ്രധാന കരട് രേഖ പ്രസിദ്ധീകരിച്ചു. 2016 മുതൽ 2023 വരെയുള്ള കാർബൺ ഉദ്‌വമന കണക്കുകളും, പൊതുജനങ്ങളിൽ നിന്നും വിവിധ മേഖലകളിലെ വിദഗ്ദ്ധരിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് ഈ പദ്ധതിയ തയ്യാറാക്കിയിരിക്കുന്നത്.

സ്വകാര്യ വാഹനങ്ങളുടെ അമിതോപയോഗമാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണമാകുന്നതെന്ന് സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന 12 പ്രധാന നിർദേശങ്ങൾ റിപ്പോർട്ടിൽ മുന്നോട്ട് വെക്കുന്നു:

1. വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഉയർന്ന ഫീ :

ഗോസോയിലേക്ക് പോകുന്ന ഫെറികളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ, ഉയർന്ന നിരക്ക് ഈടാക്കുക. സ്വകാര്യ വാഹനങ്ങളുമായി എത്തുന്ന സഞ്ചാരികളെ കുറയ്ക്കാനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണിത്.

(കാലയളവ്: 0–2 വർഷം | ചെലവ്: low – €0.1 ദശലക്ഷം – €5 ദശലക്ഷം)

2. തിരക്കേറിയ മേഖലകളിൽ പെയിഡ് പാർക്കിംഗ് :

നഗരകേന്ദ്രങ്ങളിലും ഗതാഗതത്തിരക്കുള്ള പ്രദേശങ്ങളിലും ഡിമാൻഡ് അധിഷ്ഠിത പെയിഡ് പാർക്കിംഗ് ഏർപ്പെടുത്തുക.

(കാലയളവ്: 0–2 വർഷം | ചെലവ്: low – €0.1 ദശലക്ഷം – €5 ദശലക്ഷം)

3. വാഹനം നിരോധിത മേഖലകൾ (Car-free zones) :

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ, ഗ്രാമീണ സ്ക്വയറുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് താൽക്കാലികമോ സ്ഥിരമോ ആയ നിരോധനം ഏർപ്പെടുത്തുക.

(കാലയളവ്: 0–2 വർഷം | ചെലവ്: low – €0.1 ദശലക്ഷം – €5 ദശലക്ഷം)

4. ബസ് സർവീസുകളുടെ പുനഃസംഘടന :

ഇടുങ്ങിയ റോഡുകൾക്ക് അനുയോജ്യമായ ചെറിയ ബസുകൾ സർവീസ് നടത്തുക, വിക്ടോറിയ കേന്ദ്രീകരിച്ച് സർക്കുലർ റൂട്ടുകൾ ആരംഭിക്കുക തുടങ്ങിയ മാറ്റങ്ങളിലൂടെ പൊതുഗതാഗതം ശക്തിപ്പെടുത്തുക.

(കാലയളവ്: 0–2 വർഷം | ചെലവ്: Medium – €5 ദശലക്ഷം – €50 ദശലക്ഷം)

5. സ്മാർട്ട് തെരുവ് വിളക്കുകൾ :

നിലവിലുള്ള തെരുവ് വിളക്കുകൾക്ക് പകരം ഊർജ്ജസ്വലതയുള്ള എൽഇഡി സംവിധാനങ്ങളും അവയുടെ നിരീക്ഷണത്തിനും പ്രവർത്തനത്തിനും സഹായിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങളും സ്ഥാപിക്കുക.

(കാലയളവ്: 0–2 വർഷം | ചെലവ്: Medium – €5 ദശലക്ഷം – €50 ദശലക്ഷം)

6. റിപ്പയർ ആൻഡ് റീയൂസ് ഹബ്ബുകൾ :

ഇലക്ട്രോണിക് വസ്തുക്കളും ഫർണിച്ചറുകളും വലിച്ചെറിയാതെ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാൻ കമ്മ്യൂണിറ്റി റിപ്പയർ ഹബ്ബുകൾ സ്ഥാപിക്കുക.

(കാലയളവ്: 0–2 വർഷം | ചെലവ്: low – €0.1 ദശലക്ഷം – €5 ദശലക്ഷം)

7. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് കർശന നിയന്ത്രണം :

വ്യാപാര സ്ഥാപനങ്ങളിലും റീട്ടെയിൽ മേഖലയിലും പ്ലാസ്റ്റിക് പാക്കേജിംഗുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

(കാലയളവ്: 0–2 വർഷം | ചെലവ്: low – €0.1 ദശലക്ഷം – €5 ദശലക്ഷം)

8. സോളാർ പാനൽ മേൽക്കൂരകൾ : 

നടപ്പാതകൾ, പൊതുഇടങ്ങൾ, പാർക്കിംഗ് ഏരിയകൾ എന്നിവയ്ക്ക് മുകളിൽ തണൽ ലഭിക്കുന്ന രീതിയിൽ സോളാർ പാനലുകൾ സ്ഥാപിക്കുക.

(കാലയളവ്: 2–5 വർഷം | ചെലവ്: Medium – €5 ദശലക്ഷം – €50 ദശലക്ഷം)

9. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും സോളാർ ഊർജ്ജം :

സ്വന്തമായി മേൽക്കൂരകളില്ലാത്ത ഫ്ലാറ്റ് നിവാസികൾക്കായി ‘വെർച്വൽ നെറ്റ് മീറ്ററിംഗ്’, ‘കമ്മ്യൂണിറ്റി സോളാർ’ പദ്ധതികൾ നടപ്പിലാക്കുക.

(കാലയളവ്: 2–5 വർഷം | ചെലവ്: Medium – €5 ദശലക്ഷം – €50 ദശലക്ഷം)

10. 2040-ഓടെ 75% ഇലക്ട്രിക് വാഹനങ്ങൾ :

ഇലക്ട്രിക് വാഹനങ്ങൾക്ക് സാമ്പത്തിക ഗ്രാൻഡ് അനുവദിക്കുക, ചാർജിംഗ് നിലയങ്ങൾ വർധിപ്പിക്കുക തുടങ്ങിയവയിലൂടെ 2040-ഓടെ റോഡിലിറങ്ങുന്ന 75 ശതമാനം വാഹനങ്ങളും ഇലക്ട്രിക് ആക്കുക.

(കാലയളവ്: 2–5 വർഷം | ചെലവ്: Medium – €5 ദശലക്ഷം – €50 ദശലക്ഷം)

11. കൃഷിക്ക് കളിമണ്ണ് അധിഷ്ഠിത നനയ്ക്കൽ രീതി :

മണ്ണിലെ ഈർപ്പത്തിനനുസരിച്ച് വെള്ളം ലഭ്യമാക്കുന്ന ‘SLECI’ (Self-Regulating Low Energy Clay-based Irrigation) സാങ്കേതികവിദ്യയിലൂടെ ജല ഉപയോഗവും ഊർജ്ജവും ലാഭിക്കുക.

(കാലയളവ്: 2–5 വർഷം | ചെലവ്: low – €0.1 ദശലക്ഷം – €5 ദശലക്ഷം)

12. ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് :

നഗരങ്ങളിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ബയോഗ്യാസും വൈദ്യുതിയും ഉത്പാദിപ്പിക്കുന്നതിനുള്ള ആധുനിക സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക.

(കാലയളവ്: 2–5 വർഷം | ചെലവ്: Major – €50 ദശലക്ഷത്തിലധികം)

പൊതുജനങ്ങൾ ആവശ്യപ്പെട്ട മറ്റ് നിർദേശങ്ങൾ

സർവേയിൽ പങ്കെടുത്ത പൊതുജനങ്ങൾ കൂടുതൽ കടുത്ത നിലപാടുകൾ ആവശ്യപ്പെട്ടിരുന്നു. ഒരു കുടുംബത്തിന് ഒരു വാഹനം മാത്രം അനുവദിക്കുക, ഡീസൽ വാഹനങ്ങൾ പൂർണ്ണമായി നിരോധിക്കുക, ഫെറി വഴി എത്തുന്ന ടൂറിസ്റ്റുകളുടെയും വാഹനങ്ങളുടെയും എണ്ണത്തിൽ പരിധി നിശ്ചയിക്കുക, കെട്ടിട നിർമ്മാണങ്ങൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു വന്നെങ്കിലും ഇവ നിലവിലെ 12 അന്തിമ പരിഗണനകളിൽ ഉൾപ്പെട്ടിട്ടില്ല.

ഈ പദ്ധതി നിലവിൽ ഒരു ചർച്ചാരേഖ മാത്രമാണെന്നും സർക്കാരിന്റെ അന്തിമ അനുമതിയും നിയമനിർമ്മാണ നടപടികളും ഫണ്ട് ലഭ്യതയും അനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button