ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികന് ദാരുണാന്ത്യം

മസ്‌കത്ത് : ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദിയോറ സ്വദേശിയായ സൂരജ് യാദവ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വരിക ആയിരുന്ന ‘എം.വി കേപ് ദാവോ’ (MV Cape Dao) എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒമാനിലെ ഇന്ത്യൻ എംബസിയാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഇന്നലെ ഉച്ചക്ക് ഇന്ത്യൻ സമയം 12 മണിയോട് കൂടിയാണ് സംഭവം നടക്കുന്നത്. ഇറാൻ റെവലൂഷനറി ഗാർഡാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആന്റി ഷിപ് മിസൈലുകൾ ഉപയോഗിച്ചാണ് ചരക്ക് കപ്പലിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ ആണ് സൂരജ് യാദവ് കൊലപ്പെട്ടത്. ഈ കപ്പലിൽ 28 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ഇന്ത്യക്കാരാണ്.
സംഭവം നടന്ന ഉടൻ തന്നെ ഒമാൻ റോയൽ നേവി സ്ഥലത്ത് എത്തുകയും രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കപ്പലിലെ ജീവനക്കാരെ തീരത്തേക്ക് എത്തിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ മറ്റൊരു ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഇന്ത്യൻ പൗരൻ അല്ലെന്നാണ് സൂചന.
മറ്റുള്ള ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.



