ഉക്രൈൻ യുദ്ധം യൂറോപ്പിനെ ബാധിക്കുന്നു. വിലക്കയറ്റം രൂക്ഷം
റഷ്യ- യുക്രൈയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ യൂറോപ്പിലെ പല രാജ്യങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
യുദ്ധത്തിൽ രാജ്യങ്ങൾ നേരിട്ട് പങ്കാളികളായിട്ടില്ലെങ്കിലും, യുദ്ധ സാമഗ്രികൾ എത്തിച്ചും, സാമ്പത്തിക സഹായം നൽകിയും, സാങ്കേതിക, തന്ത്രപരമായ തീരുമാനങ്ങൾകൊണ്ടും, അമേരിക്കയും, യൂറോപ്പും യുക്രൈയ്നിനെപിന്താങ്ങുന്നുണ്ട്.യുദ്ധം ഉണ്ടാകാൻ സാധ്യതയില്ല, ഉണ്ടായാൽ തന്നെ ഒരാഴ്ചയിലോ, ഒരു മാസത്തിലോ തീരുമെന്ന് പറഞ്ഞ യുദ്ധമിപ്പോൾ അതിർത്തികൾ കടന്നു മറ്റു രാജ്യങ്ങളിലേക്കും നേരിട്ട് എത്തുകയാണ്. യുദ്ധത്തിന്റെ ആരംഭം മുതൽ തന്നെ ‘നോർഡ് സ്ട്രീം പൈപ്പ് ലൈൻ’ എന്ന വില്ലൻ രംഗപ്രവേശം ചെയ്തിരുന്നു. യൂറോപ്പിലേക്ക് റഷ്യയിൽ നിന്ന് എണ്ണയും, പ്രകൃതി വാതകവും എത്തുന്നത് നോർഡ് സ്ട്രീം പൈപ്പ് ലൈനിലൂടെയാണ്. റഷ്യയെ പാഠം പഠിപ്പിക്കുവാൻ തങ്ങൾ എണ്ണയും, പ്രകൃതി വാതകവും വെട്ടികുറക്കുമെന്നു വീമ്പു പറഞ്ഞ യൂറോപ്പിനെ വെട്ടിലാക്കി റഷ്യ തന്നെ പൈപ്പ് ലൈൻ സപ്ലൈ നിയന്ത്രിച്ചിരിക്കുന്നതിനാൽ ഇപ്പോൾ യൂറോപ്പിൽ ഊർജ ദാരിദ്ര്യം അതീവരൂക്ഷമാകുകയാണ്.
യൂറോപ്പിലേക്കുള്ള പ്രധാന ഗ്യാസ് വിതരണ പൈപ്പ് ലൈനുകളിലൊന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് റഷ്യ പറഞ്ഞതിനെത്തുടർന്ന് യൂറോപ്യൻ ഗ്യാസിന്റെ വില 36 ശതമാനം ഉയർന്നു.
എങ്ങനെ യൂറോപ്പ് ഇതിനെ നേരിടും?
ഗ്രീസ് അവരുടെ കോൾ പ്ലാന്റുകളെ കൂടുതൽ ആശ്രയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജർമനിയാകട്ടെ ഊർജ പ്രതിസന്ധിയെ മറികടക്കാൻ അവരുടെ ആണവ പ്ലാന്റുകളെ ആശ്രയിക്കും. ഊർജ വില വർധന ഗുണകരമാകുന്ന കമ്പനികളിൽ നിന്നും അധിക നികുതി പിരിക്കാനുള്ള നീക്കമാണ് ഫ്രാൻസ് നടത്തുന്നത്. ജർമനിയും, നെതെർലാൻഡ്‌സും, ഇതുപോലെ അധിക നികുതി വിൻഡ് ഫാൾ ടാക്സ് ) ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ സമ്മേളനവും, കാര്യങ്ങൾ അടിയന്തിരമായി ചർച്ച ചെയ്യാനായി കൂടുന്നുണ്ട്. ഇറ്റലിക്കാരാകട്ടെ റഷ്യക്കെതിരായ ഉപരോധങ്ങൾ മാറ്റി ജനജീവിതം സാധാരണഗതിയിലാക്കാൻ മുറവിളി കൂട്ടുകയാണ്.
പ്രതിസന്ധി
ഇന്ധനവും, ഗ്യാസും ആവശ്യത്തിന് റഷ്യയിൽനിന്നു ലാഭിക്കാതെയായാൽ മാന്ദ്യവും, ഊർജ റേഷനിങ്ങും,വരുന്ന തണുപ്പ് മാസങ്ങളിൽ യൂറോപ്പിലെ ജനജീവിതം ദുസ്സഹമാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റഷ്യ ഊർജ വിതരണത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്നു യൂറോപ്പിലെ നേതാക്കൾ ആരോപിക്കുന്നു.പ്രശ്നങ്ങൾ കടുക്കുന്നതോടെ ഡോളറിനെതിരെ യൂറോയുടെയും വിലയിടിയുകയാണ്. കൂടാതെ പണപ്പെരുപ്പം യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിന് പകരം ഇപ്പോൾ അതിന്റെ നാലിരട്ടിക്കും മുകളിൽ 9 ശതമാനമായി തുടരുകയാണ്. പലിശ നിരക്ക് വർധിപ്പിക്കേണ്ടി വന്നതിനാൽ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വേറെയുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളുടെ ഓഹരി വിപണിയിലും ഈ സമ്മർദ്ദം പ്രകടമാണ്.
സാധാരണക്കാർ എങ്ങനെ ജീവിക്കുന്നു?
പല രാജ്യങ്ങളും അടിയന്തര പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിൽ കൂടി; ഉയർന്ന ഗ്യാസ് ഇന്ധന വിലകൾ ഊർജ്ജ റേഷനിങിലേക്കും, സാമ്പത്തിക മാന്ദ്യത്തിലേക്കും, ഉയർന്ന പണപ്പെരുപ്പത്തിലേക്കും നയിക്കുമെന്നുള്ളത് ഉറപ്പാണ്. സമ്പദ് സമൃദ്ധിയുടെ പ്രതീകമായിരുന്ന യൂറോപ്പിൽ ഈ വരുന്ന ശൈത്യകാലത്ത്, തണുത്തു വിറച്ചുള്ള മരണങ്ങളും ഉണ്ടാകുമെന്നുള്ള വിശകലനങ്ങൾ ജനങ്ങളിൽ മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. ഇപ്പോൾ തന്നെ സൂപ്പിലേക്കും, നൂഡില്‍സിലേക്കും പല സാധാരണക്കാരും ജീവിത ചെലവ് കുറയ്ക്കാനായി മാറിയെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പച്ചക്കറികളും, പഴങ്ങളും, മാംസാഹാരവും, മീനും ഒഴിവാക്കാനായി പലരും വില കുറഞ്ഞ വേവിച്ചു ടിന്നിലടച്ചു വരുന്ന സാധനങ്ങളിലേക്കും മാറുന്നുണ്ട്. പാചകം ചെയ്യാനുള്ള വൈദ്യതിയും, ഇന്ധനവും ഇതിലൂടെ ലാഭിക്കാമെന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കാതെ നോർഡ് സ്ട്രീം പൈപ്പിലൂടെയുള്ള ഇന്ധന വാതക വിതരണം പുനഃസ്ഥാപിക്കില്ലെന്ന റഷ്യൻ പിടിവാശി, യൂറോപ്പിനെ അടുത്തകാലത്തൊന്നും കാണാത്തതരത്തിലുള്ള ജീവിത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കും.