മാൾട്ടാ വാർത്തകൾ

മയക്കുമരുന്ന് മാഫിയ : സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കുള്ള ഒരു വനിതയടക്കം അഞ്ച് പേർ അറസ്റ്റിൽ

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ സംഘത്തെക്കുറിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ഒരു വനിതയടക്കം അഞ്ച് പേർ അറസ്റ്റിൽ.

പോലീസ് നൽകുന്ന വിവരമനുസരിച്ച് ഹാൽ ഗാക്സാക് (Hal Ghaxaq), ബിർഗു (Birgu), ഹാസ്-സബ്ബാർ (Haz-Zabbar) എന്നിവിടങ്ങളിലെ നാല് വിവിധ പ്രോപ്പർട്ടികളിൽ ഒരേസമയം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഹാൽ ഗാക്സാകിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് പേർ പിടിയിലായത്. വിവിധ തരം മയക്കുമരുന്നുകൾ പാക്കറ്റുകളിലാക്കുന്നതിനിടെയാണ് ഇവർ പോലീസ് വലയിലായത്. ഇവിടെ നിന്നും സിന്തറ്റിക് കഞ്ചാവ് എന്ന് സംശയിക്കുന്ന 140 പാക്കറ്റുകൾ, കൊക്കെയ്ൻ എന്ന് സംശയിക്കുന്ന 30 പാക്കറ്റുകൾ, കഞ്ചാവ് അടങ്ങിയ മറ്റ് മൂന്ന് പാക്കറ്റുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇതിനുപുറമെ, വലിയ അളവിൽ വിലകൂടിയ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഭരണങ്ങൾ, ഏകദേശം 2,000 യൂറോ പണം എന്നിവയും ഈ വസതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ബിഎംഡബ്ല്യു 850i (BMW 850i), റേഞ്ച് റോവർ സ്പോർട് (Range Rover Sport), പ്യൂഷോ വാൻ (Peugeot van), ഓപ്പൽ (Opel) എന്നീ നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പിടിച്ചെടുക്കുന്നതിന് മുൻപായി ബിഎംഡബ്ല്യു വാഹനം മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹാസ്-സബ്ബാറിലെ ഒരു ഗാരേജിൽ വെച്ച് മറ്റ് രണ്ടുപേർ അറസ്റ്റിലായത്.

അറസ്റ്റിലായ അഞ്ച് പേരെയും മജിസ്ട്രേറ്റ് ജീൻ പോൾ ഗ്രെച്ചിന് മുന്നിൽ ഹാജരാക്കും. സംഭവത്തിൽ മജിസ്ട്രേറ്റ് റെനാറ്റ ഫറൂജിയയുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button