ടി20 മത്സരത്തിനിടെ ചാവേർ സ്ഫോടനം; സ്റ്റേഡിയത്തിൽ നിന്ന് പരിഭ്രാന്തരായി കാണികൾ ഓടി
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളില്‍ ടി20 മത്സരമായ ഷ്പാഗീസാ ലീഗ് നടക്കുന്നതിനിടെ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ളില്‍ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാണികള്‍ പരിഭ്രാന്തരായി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. ചാവേര്‍ സ്ഫോടനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പൊട്ടിത്തെറിയില്‍ നാല് കാണികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന് പിന്നാലെ കായികതാരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് അധികൃതര്‍ മാറ്റി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
കാബൂളില്‍ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സ്ഫോടനമുണ്ടായത്. 6000ത്തോളം പേര്‍ക്ക് ഗ്യാലറിയില്‍ ഇരിക്കാവുന്ന ഈ സ്റ്റേഡിയം 2011ലായിരുന്നു തുറന്നത്. ഘാസി സ്റ്റേഡിയത്തിന് സമീപത്ത് തന്നെയാണ് ഈ സ്റ്റേഡിയവും സ്ഥിതിചെയ്യുന്നത്.