മാൾട്ടാ വാർത്തകൾ

കൊട്ടേനെരയിൽ കുട്ടികൾക്കായി സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു; പദ്ധതി ഉടൻ രാജ്യവ്യാപകമാക്കും : പ്രധാനമന്ത്രി

മൂന്ന് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന പൈലറ്റ് പദ്ധതി കോട്ടൊണേരയിൽ ഔദ്യോഗികമായി ആരംഭിച്ചതായി പ്രധാനമന്ത്രി റോബർട്ട് അബേല അറിയിച്ചു. പദ്ധതി ഉടൻ തന്നെ രാജ്യത്തെ മറ്റ് കായിക കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച കോട്ടൊണേര സ്പോർട്സ് കോംപ്ലക്സിലെ സ്വിമ്മിംഗ് പൂളിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി, പരിശീലന പരിപാടി നേരിൽ വിലയിരുത്തുകയും പരിശീലനം നൽകുന്ന കോച്ചുമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ചെറുപ്രായത്തിൽ തന്നെ സൗജന്യമായി നീന്തൽ പരിശീലനം ലഭ്യമാക്കുന്നത് കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിനൊപ്പം അച്ചടക്കം, സ്വയംപര്യാപ്തത തുടങ്ങിയ മൂല്യങ്ങൾ വളർത്താനും സഹായിക്കുമെന്ന് അബേല പറഞ്ഞു.

കഴിഞ്ഞ മേയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലേബർ പാർട്ടി പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതി. സർക്കാർ അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ 100 ദിവസത്തിനുള്ളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതികളിൽ ഒന്നുകൂടിയാണിത്.

കായികരംഗം സർക്കാരിന്റെ പ്രധാന പരിഗണനയായി തുടരുമെന്നും, ഈ മേഖലയിലെ തുടർച്ചയായ നിക്ഷേപം മാൾട്ടയിലെയും ഗോസോയിലെയും ജനങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളിലെ ഓട്ടിസം ബാധിതർക്കായി നേരത്തെ ആരംഭിച്ച സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് പുറമെ, പുതിയ പദ്ധതിയും സ്പോർട്ട് മാൾട്ടയുടെ നേതൃത്വത്തിലായിരിക്കും നടപ്പാക്കുക.

സന്ദർശനത്തിനിടെ പരിശീലകയായ ലീൻ ഷ്വെരെബ് ഉൻഗാരോയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ജസ്റ്റ് കീപ്പ് സ്വിമ്മിംഗ്-ന്റെ പ്രവർത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക നീന്തൽ പരിശീലനമാണ് സംഘടന നൽകുന്നത്.

ഇത്തരം പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനൊപ്പം, ഭിന്നശേഷിക്കാരായ കുട്ടികളിൽ ശാന്തതയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് ലീൻ ഷ്വെരെബ് ഉൻഗാരോ പറഞ്ഞു. സ്കൂൾ സമയത്താണ് പരിശീലന പരിപാടി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും അവർ അറിയിച്ചു.

പ്രധാനമന്ത്രിക്കൊപ്പം കായികമന്ത്രി ബൈറൺ കാമില്ലേരിയും ഉൾപ്പെടുത്തൽ മന്ത്രി ജൂലിയ ഫറൂജിയയും സന്ദർശനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button