അന്തർദേശീയം

2026 ലോകകപ്പിൽ ഫുട്‌ബോളിൽ അർജന്റീനയെ വിറപ്പിച്ച കേപ് വെർദെയെക്കുറിച്ച് കൗതുകകരമായ 10 കാര്യങ്ങൾ

സാന്റിയാഗോ : 2026 ലോകകപ്പിൽ ഫുട്‌ബോൾ ആരാധകരുടെ മനംകവർന്ന ടീമാണ് ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കേപ് വെർദെയുടേത്. അവസാനം അർജന്റീനയോട് തോറ്റ് പുറത്തുപോയപ്പോഴും വിജയത്തോളം മനോഹരമായ പോരാട്ടവീര്യം പുറത്തെടുത്താണ് അവർ മടങ്ങിയത്. കേപ് വെർദെ എന്ന ദ്വീപ് രാഷ്ട്രത്തെക്കുറിച്ച് നിങ്ങൾ ഇതിന് മുമ്പ് കേട്ടിട്ടുണ്ടോ? റിപ്പബ്ലിക് ഓഫ് കാബോ വെർദെ എന്നും ഇതിന് പേരുണ്ട്. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കേപ് വെർദെയിൽ 10 അഗ്‌നിപർവത ദ്വീപുകളാണുള്ളത്. 10 ലക്ഷത്തിൽ താഴെ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. മനോഹരമായ കാലാവസ്ഥ, രുചികരമായ ഭക്ഷണം, നല്ല സംഗീതം, വെളുത്ത മണൽ നിറഞ്ഞ കടൽത്തീരങ്ങൾ എന്നിവയെല്ലാം ഈ നാടിന്റെ പ്രത്യേകതകളാണ്.

1456 വരെ കേപ് വെർദെ ദ്വീപുകളിൽ ആരും താമസിച്ചിരുന്നില്ല

1456-ാം ആണ്ടിന് മുമ്പ് ഈ ദ്വീപുകളിൽ സസ്യങ്ങളും ചില മൃഗങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൽവിസ് കാഡാമോസ്റ്റോ, അന്റോണിയോട്ടോ ഉസോഡിമാരെ എന്നീ രണ്ട് പോർച്ചുഗീസ് പര്യവേക്ഷകരാണ് കേപ് വെർദെ കണ്ടെത്തിയത്. ആറ് വർഷത്തിന് ശേഷം അവർ കേപ് വെർദെ ദ്വീപുകളിലേക്ക് മടങ്ങിയെത്തുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തു.

കേപ് വെർദെയും ഗിനിയ-ബിസാവുവും പണ്ട് ഒരൊറ്റ രാജ്യമായിരുന്നു

യൂറോപ്യന്മാർ ആഫ്രിക്കയിൽ വന്നപ്പോൾ അവർ ഗിനിയ-ബിസാവുവിനെയും കേപ് വെർദെയെയും ഒരൊറ്റ രാജ്യമായിട്ടാണ് കണക്കാക്കിയിരുന്നത്. ഈ പ്രദേശങ്ങൾ പോർച്ചുഗീസുകാരാണ് ഭരിച്ചിരുന്നത്. കേപ് വെർദെയും ഗിനിയ-ബിസാവുവും തങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടി. ഗിനിയ-ബിസാവുവിനാണ് ആദ്യം സ്വാതന്ത്ര്യം ലഭിച്ചത് (1974-ൽ), തൊട്ടടുത്ത വർഷം (1975-ൽ) കേപ് വെർദെ്ക്കും സ്വാതന്ത്ര്യം കിട്ടി. പിന്നീട് 1980-ൽ ഈ രണ്ട് രാജ്യങ്ങളും വേർപിരിഞ്ഞു.

കേപ് വെർദെയിലെ ആളുകൾ ആഫ്രിക്കൻ അല്ലെങ്കിൽ പോർച്ചുഗീസ് വംശജരാണ്

ഈ ദ്വീപുകളിൽ ആദ്യമായി താമസമാക്കിയത് പോർച്ചുഗീസുകാരായിരുന്നു. പിന്നീട് അവർ ആഫ്രിക്കൻ അടിമകളെ ഈ രാജ്യത്തേക്ക് കൊണ്ടുവന്നു. നിലവിൽ കേപ് വെർദെയുടെ ഔദ്യോഗിക ഭാഷ പോർച്ചുഗീസ് ആണ്. ഈ പ്രദേശത്ത് സംസാരിക്കുന്ന മറ്റൊരു ഭാഷയാണ് ക്രിയോലു. പോർച്ചുഗീസ് ഭാഷയെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രിയോൾ ഭാഷയാണിത്. വിദേശങ്ങളിൽ താമസിക്കുന്ന കേപ് വെർദെക്കാർ അവരുടെ രണ്ടാമത്തെ ഭാഷയായി ഇത് ഉപയോഗിക്കുന്നു.

ലോങ്-ഇയേർഡ് ബാറ്റ് (വലിയ ചെവിയുള്ള വവ്വാൽ) മാത്രമാണ് ഇവിടുത്തെ ഏക തദ്ദേശീയ ജീവി

കഠിനമായ കാലാവസ്ഥ കാരണം കേപ് വെർദെയിൽ മൃഗങ്ങൾ വളരെ കുറവാണ്. ഇവിടെ കാണപ്പെടുന്ന ഒരേയൊരു തദ്ദേശീയ ജീവി ലോങ്-ഇയേർഡ് ബാറ്റ് (വലിയ ചെവിയുള്ള വവ്വാൽ) ആണ്. മനുഷ്യർ ഇവിടെ വരുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് ഈ വവ്വാൽ ഇവിടെ ജീവിച്ചിരുന്നു.

ദേശീയ പാനീയം കരിമ്പ് മദ്യം

കേപ് വെർദെയിലെ ആളുകൾ കരിമ്പ് ഉപയോഗിച്ച് ‘ഗ്രോഗ്’ എന്നൊരു പാനീയം ഉണ്ടാക്കാറുണ്ട്. ഇതിന് നല്ല പഴുത്ത വാഴപ്പഴത്തിന്റെ മണമാണുള്ളത്.

കൃഷിക്ക് അനുയോജ്യമായത് 10 ശതമാനം ഭൂമി മാത്രം

ഈ രാജ്യം വർഷങ്ങളായി കഠിനമായ വരൾച്ചയും ക്ഷാമവും നേരിടുകയാണ്. കാരണം ഇവിടെ കൃത്യമായി മഴ ലഭിക്കുന്നില്ല. മൃഗങ്ങളെ വളർത്താനും കർഷകർക്ക് ഇവിടുത്തെ സാഹചര്യം അനുവദിക്കുന്നില്ല.

രാജ്യത്ത് ജീവിക്കുന്നതിനേക്കാൾ കൂടുതൽ കേപ് വെർദെക്കാർ വിദേശത്ത്

കേപ് വെർദെയിലെ ഭൂരിഭാഗം ആളുകളും ജോലിയും മികച്ച അവസരങ്ങളും തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരാണ്. വിദേശ ജോലിയിലൂടെ അവർക്ക് പണം സമ്പാദിക്കാൻ കഴിയുന്നു. നാട്ടിലേക്ക് മടങ്ങിവരുന്നവർ കുറവാണ്. ജീവിതകാലം മുഴുവൻ വിദേശ രാജ്യങ്ങളിൽ തന്നെ ജോലി ചെയ്ത് ജീവിക്കുന്നവരാണ് കൂടുതൽ.

ഈ ദ്വീപിൽ രണ്ട് പേർക്ക് ഒരു ആട് എന്ന തോതിലാണുള്ളതെന്ന് കണക്കാക്കപ്പെടുന്നു

പോർച്ചുഗീസുകാർ ഈ ദ്വീപുകളിലേക്ക് വന്നപ്പോൾ ആടുകളെയും കൊണ്ടുവന്നിരുന്നു. ആടുകൾ ദ്വീപുകളിൽ ഇപ്പോഴും കർഷകരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്്. ആട്ടിൻ പാലും ആട്ടിറച്ചിയും ദ്വീപിലെ പ്രധാനപ്പെട്ട ഭക്ഷണമാണ്.

ലോഗർഹെഡ് ആമകളുടെ ലോകത്തിലെ മൂന്നാമത്തെ വലിയ പ്രജനന കേന്ദ്രം

ലോഗർഹെഡ് ആമകളുടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രജനന കേന്ദ്രം ഫ്‌ളോറിഡയിലാണ്. ബ്രസീൽ രണ്ടാം സ്ഥാനത്തും കേപ് വെർദെ മൂന്നാം സ്ഥാനത്തുമാണ്. വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗമാണ് ലോഗർഹെഡ് ആമകൾ. അതുകൊണ്ട് തന്നെ രാജ്യം ഇവർക്ക് വലിയ സംരക്ഷണം നൽകുന്നുണ്ട്. ഇവയെ പിടികൂടുന്നത് ഇവിടെ നിയമവിരുദ്ധമാണ്.

മറ്റുള്ളവരുമായി പങ്കുവെക്കാതെ പൊതുസ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് മോശം ശീലമായി കണക്കാക്കപ്പെടുന്നു

നിങ്ങൾ എപ്പോഴെങ്കിലും ഒരു അപരിചിതന്റെ അടുത്തിരുന്നിട്ടുണ്ടോ, അവർ നല്ല മണമുള്ള എന്തെങ്കിലും ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ? സാധാരണയായി നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ കേപ് വെർദെയിൽ ‘പങ്കുവെക്കലാണ് സ്‌നേഹം’ എന്ന് അവർ വിശ്വസിക്കുന്നു. ഭൂരിഭാഗം കേപ് വെർദെക്കാരും തങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരുമായും പങ്കിടാൻ തക്കവണ്ണം ആവശ്യത്തിന് ഭക്ഷണം വാങ്ങാറുണ്ട്. കേപ് വെർദക്കാരുടെ സാംസ്‌കാരിക ഔന്നിത്യത്തിന്റെ പ്രതീകമായി ഈ വിശ്വാസം കണക്കാക്കപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button