കൃത്രിമ ജീവന് : നിര്‍ണായക ചുവടുവെപ്പുമായി മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍

വാഷിങ്ടണ്‍ ഡിസി: ജീവശാസ്ത്ര ഗവേഷണ മേഖലയില്‍ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍. നിര്‍ജീവ രാസഘടകങ്ങള്‍ ഉപയോഗിച്ച് ജീവകോശം നിര്‍മിച്ചതായാണ് യുഎസിലെ മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെട്ടിരിക്കുന്നത്. ‘സ്പഡ്സെല്‍’ എന്ന് വിളിക്കുന്ന ഈ കോശങ്ങള്‍ക്ക് ആഹാരം സ്വീകരിക്കാനും വളരാനും കോശവിഭജനത്തിലൂടെ പുതിയ കോശങ്ങളെ ഉല്‍പ്പാദിപ്പിക്കാനും ശേഷിയുണ്ടത്രെ. കൃത്രിമമായി ജീവന് സൃഷ്ടിക്കാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങളില്‍ നിര്‍ണായക ചുവടുവെപ്പാണിത്.
മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകയായ കേറ്റ് അഡമാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കൃത്രിമ കോശം വികസിപ്പിച്ചത്. ലിപിഡുകള്‍, കൃത്രിമ ഡിഎന്‍എ, പ്രോട്ടീനുകള്‍, എന്‍സൈമുകള്‍ തുടങ്ങി 150ലേറെ രാസഘടകങ്ങളില്‍ നിന്നാണ് ‘സ്പഡ്സെല്‍’ നിര്‍മിച്ചത്. പരീക്ഷണത്തിനിടെ കോശങ്ങള്‍ ഊര്‍ജം സ്വീകരിക്കുകയും വളരുകയും ഡിഎന്‍എ റെപ്ലിക്കേഷന്‍ നടത്തുകയും തുടര്‍ന്ന് പുതിയ കോശങ്ങളായി വിഭജിക്കുകയും ചെയ്തു.
എന്നാല്‍ ‘സ്പഡ്സെല്ലി’ന് ജീവകോശത്തിന്റെ പരിമിതമായ ശേഷികള്‍ മാത്രമാണുള്ളത്. പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ റൈബോസോമുകള്‍ പോലുള്ള ഘടകങ്ങള്‍ ഇതിന് സ്വയം സൃഷ്ടിക്കാനാകില്ല. അതിനാല്‍ ലബോറട്ടറി സാഹചര്യങ്ങളില്‍ മാത്രമേ ഇതിന് നിലനില്‍പ്പുള്ളൂ. പുറത്തുനിന്നുള്ള സഹായം കൂടാതെ ദീര്‍ഘകാലം നിലനില്‍ക്കാനോ അനന്തമായി പെരുകാനോ കഴിയില്ല. കൂടാതെ, പഠനം ഇതുവരെ വിദഗ്ധ അവലോകനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. പുതിയ കണ്ടെത്തല്‍ ഭാവിയില്‍ മരുന്ന് ഉല്‍പ്പാദനം, വ്യാവസായിക ജൈവസാങ്കേതികവിദ്യ, ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനം തുടങ്ങിയ മേഖലകളില്‍ വലിയ സാധ്യതകള്‍ തുറക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.



