ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ കോസ്റ്റ്യാന്റിനിവ്ക പിടിച്ചടക്കി റഷ്യ

മോസ്കോ : കിഴക്കൻ ഉക്രൈനിലെ പ്രധാന പ്രതിരോധ കേന്ദ്രങ്ങളിലൊന്നായ കോസ്റ്റ്യാന്റിനിവ്ക നഗരം പൂർണമായി പിടിച്ചടക്കിയതായി റഷ്യ. ഡോൺബാസ് മേഖലയിൽ ഉക്രൈന്റെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന പ്രധാന നഗരങ്ങളിലേക്ക് നീങ്ങാനുള്ള തന്ത്രപ്രധാനമായ പാതയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. യുദ്ധത്തിന് മുൻപ് എഴുപത്തിയെണ്ണായിരത്തോളം ജനസംഖ്യയുണ്ടായിരുന്ന കോസ്റ്റ്യാന്റിനിവ്കയ്ക്കായി 2025 അവസാനത്തോടെയാണ് റഷ്യൻ സൈന്യം പോരാട്ടം ശക്തമാക്കിയത്.
ആയിരം കിലോമീറ്ററിലധികം നീളമുള്ള യുദ്ധമുന്നണിയിൽ റഷ്യ നിലവിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതും ഈ നഗരത്തിലായിരുന്നു. കോസ്റ്റ്യാന്റിനിവ്ക പൂർണമായും പിടിച്ചെടുത്തു കഴിഞ്ഞു. നഗരം ഇപ്പോൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ്, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വാർത്താമാധ്യമങ്ങളോട് പറഞ്ഞു. നഗരം കീഴടക്കിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സൈനിക കമാൻഡ് പോസ്റ്റ് സന്ദർശിച്ചു.
ഡോൺബാസ് മേഖല പൂർണമായി അധീനതയിലാക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന റഷ്യൻ സൈന്യത്തിന് മുന്നിലുള്ള പ്രധാന ഉക്രൈൻ കോട്ടകളായ ക്രാമാറ്റോർസ്ക്, സ്ലോവിയാൻസ്ക് എന്നീ നഗരങ്ങളിലേക്കുള്ള വഴിയിലെ നിർണായക കേന്ദ്രമാണ് കോസ്റ്റ്യാന്റിനിവ്ക. ഇതോടെ കിഴക്കൻ ഉക്രൈനിലെ ലുഹാൻസ്ക് മേഖല പൂർണമായും റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായും ക്രെംലിൻ വക്താവ് കൂട്ടിച്ചേർത്തു.



