റഷ്യ പോളണ്ടിനെ ലക്ഷ്യമിട്ട് സൈനിക നീക്കത്തിനു തയാറെടുക്കുന്നതായി റിപ്പോർട്ട്

മോസ്കോ : യുക്രെയ്നിൽ വർഷങ്ങളായി ആക്രമണം നടത്തുന്ന റഷ്യ മറ്റൊരു യൂറോപ്യൻ രാജ്യമായ പോളണ്ടിനെ ലക്ഷ്യമിട്ട് സൈനിക നീക്കത്തിനു തയാറെടുക്കുന്നതായി റിപ്പോർട്ട്. നാറ്റോയിൽ ഉടലെടുത്ത ഭിന്നതകൾ അവസരമാക്കിയാണ് പുട്ടിന്റെ ഈ നീക്കമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്നുള്ള പിന്തുണ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യവും റഷ്യയുടെ ഈ തയാറെടുപ്പിലുണ്ട്.
യുക്രെയ്നിലേത് പോലുള്ള പൂർണ്ണ തോതിലുള്ള അധിനിവേശമല്ല റഷ്യ പോളണ്ടിൽ നടത്താൻ ഉദ്ദേശിക്കുന്നത്. ആക്രമണം നടത്തിയാൽ നാറ്റോ എങ്ങനെ പ്രതികരിക്കും എന്നറിയുകയാണ് റഷ്യയുടെ പ്രധാന ലക്ഷ്യം. റഷ്യയുടെ ഈ നീക്കം വളരെ മുൻപേ അമേരിക്ക തിരിച്ചറിഞ്ഞതായും പോളണ്ടിനു മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. പോളണ്ടിലേക്ക് ഹ്രസ്വമായി അതിർത്തി ഭേദിക്കുകയോ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയോ ആവും റഷ്യയുടെ ആക്രമണ രീതി.
അടുത്തിടെ യുക്രെയ്ൻ പ്രതിരോധം ശക്തപ്പെടുത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കീവിൽ ശക്തമായ ആക്രമണമാണ് റഷ്യ നടത്തിയത്. യുക്രെയ്നിനു സമാനമായി പോളണ്ടിലെയും ഊർജ കേന്ദ്രങ്ങളെ റഷ്യ നേരിടാൻ സാധ്യതയുണ്ട്.



