അന്തർദേശീയം

സൈനിക ഭീഷണികൾ നേരിടാൻ നാവികസേനയെ ആണവായുധ ശേഷിയുള്ളതാക്കി മാറ്റും : കിം ജോങ് ഉൻ

പ്യോങ്‌യാങ് : അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും ഭാഗത്തുനിന്നുള്ള സൈനിക ഭീഷണികൾ നേരിടാൻ തങ്ങളുടെ നാവികസേനയെ ആണവായുധം പ്രയോഗിക്കാനാവുന്ന അത്യാധുനിക സേനയായി മാറ്റുകയാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. സുരക്ഷാ വെല്ലുവിളികൾ വർധിച്ചതോടെയാണ് രാജ്യത്തിൻ്റെ കരുത്ത് കൂട്ടാനും വേണ്ടിവന്നാൽ തിരിച്ചടിക്കാനുമായി പ്രതിരോധ ശേഷി അതിവേഗം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പ്ലീനറി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊറിയൻ ഉപദ്വീപിലെ സാഹചര്യം ആണവയുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങുകയാണെന്ന് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി. ഇതിനെ പ്രതിരോധിക്കാൻ ആണവ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൈനിക ശേഷി അതിവേഗത്തിൽ വർദ്ധിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ദക്ഷിണകൊറിയ ആണവ അന്തർവാഹിനികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെ ഉത്തരകൊറിയ ശക്തമായി വിമർശിച്ചു. ഇതിന് മറുപടിയായി ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള പുതിയ യുദ്ധക്കപ്പലുകളും (5,000 ടൺ ക്ലാസ് ഡിസ്ട്രോയർ ‘കാങ് കോൻ’ ഉൾപ്പെടെ) 10,000 ടൺ ക്ലാസ് തന്ത്രപ്രധാന ഗൈഡഡ് മിസൈൽ ക്രൂയിസറുകളും നിർമ്മിക്കാനുള്ള പദ്ധതികൾ ഉത്തരകൊറിയ വേഗത്തിലാക്കി.

തങ്ങളുടെ ആണവനയം ഒരിക്കലും മാറ്റാനാകാത്തതാണെന്ന് ഉത്തരകൊറിയ ആവർത്തിച്ചു. ആണവ നിരായുധീകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇനി സ്ഥാനമില്ലെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോംഗും വ്യക്തമാക്കിയിട്ടുണ്ട്. യുഎസുമായും ദക്ഷിണകൊറിയയുമായും നിലനിൽക്കുന്ന കടുത്ത ഭിന്നതകൾക്കിടയിലാണ് നാവികസേനയെക്കൂടി ഉൾപ്പെടുത്തി ആണവ പ്രതിരോധം ശക്തമാക്കാനുള്ള ഉത്തരകൊറിയയുടെ ഈ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button