അന്തർദേശീയം

ട്രംപിന് തിരിച്ചടി; ഇറാനെതിരെയുള്ള സൈനിക നടപടി നിർത്തിവയ്ക്കാൻ പ്രമേയം പാസാക്കി സെനറ്റ്

വാഷിങ്ടൺ ഡിസി : ഇറാനെതിരെയുള്ള സൈനിക നടപടികൾ നിർത്തിവയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നിർദേശിക്കുന്ന നിയമനിർമാണത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. 50-48 എന്ന വോട്ടിനാണ് പ്രമേയം പാസാക്കിയത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. നേരത്തെ യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ 215-208 എന്ന വോട്ടിന് ഈ പ്രമേയം പാസായിരുന്നു. സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും യുഎസ് സേനയെ പിൻവലിക്കാൻ പ്രസിഡന്റിനോട് നിർദേശിക്കുന്ന പ്രമേയം കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കുന്നത് ഇതാദ്യമായാണ്.

നാല് റിപ്പബ്ലിക്കൻ പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഒരു ഡെമോക്രാറ്റ് ഒഴികെ മറ്റെല്ലാവരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. സെനറ്റിലും ഹൗസിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ചെറിയ ഭൂരിപക്ഷം മാത്രമാണുള്ളത്. ഇറാനുമായി സമാധാന കരാറിന് ട്രംപ് ഭരണകൂടം ചർച്ചകൾ നടത്തിവരുന്ന സാഹചര്യത്തിൽ പ്രമേയം സംഘർഷത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. നിയമനിർമാണം ഭരണഘടനാ വിരുദ്ധമാണെന്നും പാലിക്കാൻ ബാധ്യസ്ഥരല്ലെന്നുമാണ് വൈറ്റ് ഹൗസ് വാദം. ട്രംപിന് രാഷ്ട്രീയമായി തിരിച്ചടിയാണിതെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button