അന്തർദേശീയം

സെന്റ് പീറ്റേഴ്സ്ബർഗിൽ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ

മോസ്കോ : റഷ്യയുടെ വാർഷിക സാമ്പത്തിക ഫോറത്തിന്റെ സമാപന ദിവസം സെന്റ് പീറ്റേഴ്സ്ബർഗിലും പരിസരപ്രദേശങ്ങളിലും യുക്രെയ്ന്റെ ശക്തമായ ഡ്രോൺ ആക്രമണം. നഗരത്തിന് ചുറ്റുമുള്ള ലെനിൻഗ്രാഡ് മേഖലയിൽ 140ലധികം യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ ഗവർണർ അലക്സാണ്ടർ ദ്രോസ്ഡെങ്കോ അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിലെ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് നിർദേശിച്ചു.

റഷ്യൻ ആക്രമണങ്ങൾക്കുള്ള കൃത്യമായ മറുപടിയായി റഷ്യയുടെ ആയുധ ശേഖരങ്ങളും നാവികതാവളവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. ആയിരം കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാണ് യുക്രെയ്ൻ ഡ്രോണുകൾ സെന്റ് പീറ്റേഴ്സ്ബർഗ് മേഖലയിലെ ക്രോൺസ്റ്റാഡിലുള്ള നാവികതാവളവും ആയുധപ്പുരകളും തകർത്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, തെക്കൻ റഷ്യയിലെ ക്രാസ്നോഡർ മേഖലയിലുള്ള എണ്ണ സംഭരണശാലയും യുക്രെയ്ൻ തകർത്തു. യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്നും എന്നാൽ വ്ളാഡിമിർ പുടിന് യുദ്ധം തുടരാനാണ് താല്പര്യമെന്നും സെലൻസ്കി സോഷ്യൽ മീഡിയയിൽ കുറിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ പുടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച് വ്യാഴാഴ്ച സെലൻസ്കി തുറന്ന കത്തെഴുതിയിരുന്നു. എന്നാൽ, സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അർഥമില്ലെന്നും റഷ്യയുടെ ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നും കഴിഞ്ഞ ദിവസം സാമ്പത്തിക ഫോറത്തിൽ പ്രസംഗിക്കവെ പുടിൻ വ്യക്തമാക്കി. യുക്രെയ്ൻ നാറ്റോ സഖ്യത്തിൽ ചേരുന്നതിൽ നിന്ന് പിന്മാറണമെന്നും ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപ്പോപ്പീഷ്യ എന്നീ മേഖലകളിൽ നിന്ന് പിൻവാങ്ങണമെന്നുമാണ് റഷ്യയുടെ പ്രധാന ആവശ്യം.

അതേസമയം, യുക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെ റഷ്യൻ അധിനിവേശത്തിലുള്ള കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷ മുൻനിർത്തി രണ്ട് പ്രധാന ഹൈവേകളിലെ കോച്ച് സർവീസുകളും ട്രെയിൻ സർവീസുകളും റഷ്യൻ അനുകൂല ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചു. മെയ് മാസം മുതൽ റഷ്യയുടെ 200ലധികം ട്രക്കുകളും മുപ്പതോളം ഇന്ധന ടാങ്കറുകളും യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button