ദേശീയം

വിമാനത്താവളങ്ങളിൽ വീഡിയോ ചിത്രീകരിച്ചാൽ ആജീവനാന്ത യാത്രാ വിലക്ക് വരെ ഏർപ്പെടുത്താം : ഡിജിസിഎ

ന്യൂഡൽഹി : വിമാനത്താവളങ്ങൾക്കുള്ളിൽ വെച്ച് അനുമതിയില്ലാതെ റീലുകളും ട്രാവൽ വ്ലോഗുകളും ഷോട്ടുകളും ചിത്രീകരിക്കുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കാനും, ഫോണും ക്യാമറയും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനും പുതിയ നിയമം അനുശാസിക്കുന്നു. കുറ്റം ഗുരുതരമാണെങ്കിൽ യാത്രക്കാരെ ‘നോ-ഫ്ളൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തി വിമാനയാത്ര വിലക്കാനും വ്യവസ്ഥയുണ്ട്.

യാത്രക്കാരുടെ സുരക്ഷാ പരിശോധന നടക്കുന്ന കേന്ദ്രങ്ങൾ (സെക്യൂരിറ്റി ചെക്ക്പോയിന്റുകൾ)., വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോർഡിങ് ഗേറ്റുകൾ,∙ വിമാനത്തിന് അടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന റൺവേ ബസുകൾ, വിമാനങ്ങൾ പാർക്ക് ചെയ്യുന്നതും മറ്റ് സാങ്കേതിക ജോലികൾ നടക്കുന്നതുമായ മേഖലകൾ (ആപ്രണുകൾ),∙ വിമാനത്താവളത്തിന്‍റെ ഉള്ളിലെ മറ്റ് നിയന്ത്രിത പ്രവർത്തന മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ അതീവ സുരക്ഷാ മേഖലകളിൽ വെച്ച് ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ പാടില്ല. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ, നിരീക്ഷണ ക്യാമറകളുടെ സ്ഥാനം, പ്രവർത്തന ശൈലി എന്നിവ യാദൃശ്ചികമായിപ്പോലും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ അടിയന്തര നടപടി.

ആജീവനാന്ത യാത്രാ വിലക്ക്

തുടർച്ചയായി നിയമം ലംഘിക്കുകയോ, വിമാനത്താവള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ദൃശ്യങ്ങൾ പങ്കുവെക്കുകയോ ചെയ്യുന്ന യാത്രക്കാരുടെ പേര് ഡിജിസിഎയുടെ ‘നോ-ഫ്ളൈ ലിസ്റ്റിലേക്ക്’ ശുപാർശ ചെയ്യാൻ വിമാനത്താവള അധികൃതർക്ക് പുതിയ നിയമം അധികാരം നൽകുന്നു. ലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് താല്ക്കാലികമായോ അല്ലെങ്കിൽ ആജീവനാന്തമായോ വിമാനയാത്ര നടത്തുന്നതിൽ നിന്നും ഇവരെ വിലക്കിയേക്കാം.

യാത്രയ്ക്കിടയിൽ വിമാനത്താവളത്തിനകത്തെ ദൃശ്യങ്ങൾ പകർത്തി ട്രാവൽ റീലുകളും ‘ബിഹൈൻഡ് ദ സീൻ’ വീഡിയോകളും ചെയ്യുന്നത് സമീപകാലത്ത് വൻതോതിൽ വർധിച്ചതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. പലരും മനഃപൂർവ്വമല്ലെങ്കിലും, ബാക്ക്ഗ്രൗണ്ടിൽ പതിയുന്ന അതീവ സുരക്ഷാ വിവരങ്ങൾ രാജ്യത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുന്നതിനാലാണ് ഡിജിസിഎ നിയമം കർശനമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button