അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; മരണം 250
ബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനത്തില്‍ 250ലേറെ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.
150 ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാനാണ് സാധ്യത.
റിക്ടര്‍ സ്കെയിലില്‍ 6.1 ആണ് ഭൂചലനത്തിന്റെ തീവ്രത. കിഴക്കന്‍ നഗരമായ ഖോസ്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്താന് അതിര്‍ത്തിക്കടുത്താണ് ഈ നഗരം. 51 കി.മി ആണ് ഭൂചലനത്തിന്റെ വ്യാപ്തി. വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നാശനഷ്ടങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കിഴക്കന്‍ അഫ്ഗാനിലും പാകിസ്താനിലും ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു.
പക്തിയ പ്രവിശ്യയിലാണ് കൂടുതല്‍ ആളുകളും മരിച്ചതെന്ന് അഫ്ഗാന് ദുരന്ത നിവാരണമന്ത്രി മുഹമ്മദ് നാസിം ഹഖാനി പറഞ്ഞു. നംഗാര്‍പൂര്‍, ഖോസ്ത് പ്രവിശ്യയിലും ആളപായമുണ്ടായി. പാകിസ്താനില്‍ ഭൂചലനത്തിന്റെ പ്രകമ്ബനത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടോ എന്നത് വ്യക്തമല്ല. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലും മാനുഷിക ദുരിതത്തിലും വലയുന്നതിനിടെയാണ് അഫ്ഗാനെ നടുക്കി ഭൂചലനമുണ്ടായത്.