അന്തർദേശീയം

ഇറാഖിലെ ജയിൽ, ലാനാസ് എണ്ണ ശുദ്ധീകരണശാല, അമേരിക്കൻ സൈനിക താവളങ്ങളിലും ഇറാൻ ഡ്രോൺ ആക്രമണം

ബാഗ്ദാദ് : ഇറാന്റെ ഖാർഗ് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിയ്ക്കും പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ മുറുകുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുകയാണ്. ബാഗ്ദാദ് അന്താരാഷ്ട്ര ജയിൽ പരിസരത്തും സെൻട്രൽ എയർപോർട്ട് ജയിൽ പരിസരത്തും തുടർ ആക്രമണങ്ങൾ നടക്കുന്നുവെന്ന് ഇറാഖ്. ഇന്നലെ ജയിലിനടുത്തായി ആറ് ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇത് ജയിൽ സുരക്ഷയെ ബാധിച്ചേക്കാം.

ഇറാഖിലെ എർബിലിന്റെ പരിസരത്തുള്ള ലാനാസ് എണ്ണ ശുദ്ധീകരണശാലയിലേക്കും ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി.

അതേസമയം, ഖാർഗ് ഐലൻഡിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഭാഗിക ഉപരോധം ഏർപ്പെടുത്തിയത് ആഗോള എണ്ണ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. തങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയുയർത്തുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് ഇറാന്റെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button