അന്തർദേശീയം
ഒമാന്‍ ഉപപ്രധാനമന്ത്രി അന്തരിച്ചു

മസ്‌കത്ത് : ഒമാന്റെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് (82) അന്തരിച്ചു. വ്യാഴം രാവിലെയായിരുന്നു അന്ത്യം. ദീർഘകാലമായി ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഒമാനിലെ ഏറ്റവും മുതിർന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായിരുന്നു സയ്യിദ് ഫഹദ്. രാജ്യത്തിന്റെ ആധുനിക നവോത്ഥാനത്തിന്റെ ആദ്യ വർഷങ്ങൾ മുതൽ സർക്കാർ ഭരണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
കെയ്‌റോ സർവകലാശാലയിൽ നിന്ന് അദ്ദേഹം കൊമേഴ്‌സിൽ ബിരുദം നേടിയിട്ടുണ്ട്. 1971ൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറായി നിയമിതനായി. അതേ വർഷം നവംബറിൽ മന്ത്രിയുമായി. 1972 ഡിസംബറിൽ വിവരവിനിമയ- സംസ്കാരിക വകുപ്പുകൾ കൈകാര്യം ചെയ്തു.



