അന്തർദേശീയം

കമ്യുണിസ്റ്റ് ക്യൂബയിൽ ഭരണമാറ്റത്തിനായി സാമ്പത്തികവും നയതന്ത്രപരവുമായ സമ്മർദം ചെലുത്തിവരുന്നു : ട്രംപ്

വാഷിംഗ്‌ടൺ ഡിസി : വെനസ്വേലക്ക് പിന്നാലെ ക്യൂബയെ നോട്ടമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗഹൃദപരമായ നിബന്ധനകളോടെ ക്യൂബയെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ‘ക്യൂബൻ സർക്കാർ ഞങ്ങളോട് സംസാരിച്ചു. അവർ വലിയൊരു കുഴപ്പത്തിലാണ്. ഒരുപക്ഷേ അമേരിക്കക്ക് ക്യൂബയെ സൗഹൃദപരമായി ഏറ്റെടുക്കാൻ കഴിയും.’ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി കമ്യുണിസ്റ്റ് നേതൃത്വത്തിലുള്ള ക്യൂബയിൽ ഭരണമാറ്റത്തിനായി സാമ്പത്തികവും നയതന്ത്രപരവുമായ സമ്മർദം ചെലുത്തിവരികയാണ് ട്രംപ്.

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ക്യൂബക്കെതിരെയുള്ള സമ്മർദം അമേരിക്ക ശക്തമാക്കി. ജനുവരി 11ന്, വെനിസ്വേലയിൽ നിന്ന് എണ്ണയോ പണമോ ക്യൂബയിലേക്ക് പോകില്ലെന്ന് അദേഹം പ്രഖ്യാപിച്ചു. ജനുവരി 29ന്, ക്യൂബയിലേക്ക് നേരിട്ടോ അല്ലാതെയോ എണ്ണ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനും തീരുവ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ക്യൂബയിൽ പ്രതിസന്ധി രൂപപ്പെട്ടത്. വെനിസ്വേലയിൽ നിന്നും മെക്സിക്കോയിൽ നിന്നുമാണ് ക്യൂബ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.

എന്നാൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതോടെ മെക്സിക്കോയെ മാത്രം ആശ്രയിക്കേണ്ടി വന്നു. എന്നാൽ അമേരിക്കൻ സമ്മർദത്തിൽ ക്യൂബയിലേക്കുള്ള എണ്ണ വിതരണം മെക്സിക്കോ നിർത്തിവെച്ചു. ഇത് ക്യൂബയിലെ ഇന്ധനക്ഷാമത്തിന്റെ പ്രഹരം ഇരട്ടിയാക്കുകയും സാമ്പത്തിക അടിത്തറക്ക് കനത്ത പ്രഹരമേല്പിക്കുകയും ചെയ്തു. വൈദ്യുതി ഉൽപാദനം, ഗതാഗതം, ഭക്ഷ്യ വിതരണം എന്നിവയ്ക്ക് ക്യൂബ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകത, ശീതയുദ്ധ ചരിത്രം, ആഭ്യന്തര രാഷ്ട്രീയം എന്നിവയുടെ സവിശേഷമായ മിശ്രിതമാണ് ക്യൂബയോടുള്ള അമേരിക്കയുടെ സ്ഥിരമായ താല്പര്യത്തെ നയിക്കുന്നത്. ഫ്ലോറിഡ തീരത്തുനിന്ന് വെറും 90 മൈൽ മാത്രം അകലെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി നോക്കിയാൽ, മെക്സിക്കോ ഉൾക്കടലിന്റെ പ്രവേശന കവാടത്തിലുള്ള ക്യൂബയുടെ സ്ഥാനം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും വ്യാപാര പാതകൾക്കും അത്യന്താപേക്ഷിതമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, തങ്ങളുടെ തന്ത്രപ്രധാനമായ ഈ ‘പിൻമുറ്റം’ (backyard) സുരക്ഷിതമാക്കുന്നതിനായി അമേരിക്കൻ നേതാക്കൾ സ്പെയിനിൽ നിന്ന് ഈ ദ്വീപ് വാങ്ങാൻ പോലും ശ്രമിച്ചിരുന്നു.

ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ 1959ൽ നടന്ന ക്യൂബൻ വിപ്ലവം, അമേരിക്കൻ പിന്തുണയുള്ള ഭരണകൂടത്തെ അട്ടിമറിച്ച് സോവിയറ്റ് യൂണിയനുമായി സഖ്യമുള്ള ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തെ സ്ഥാപിച്ചു. ബേ ഓഫ് പിഗ്സ് അധിനിവേശം (1961), ക്യൂബൻ മിസൈൽ പ്രതിസന്ധി (1962) തുടങ്ങിയ സംഭവങ്ങൾ അമേരിക്കൻ ജനതയുടെ മനസിൽ ക്യൂബയെ ഒരു പ്രധാന പ്രത്യയശാസ്ത്ര-സുരക്ഷാ ഭീഷണിയായി ഉറപ്പിച്ചു.

ഇതിനൊക്കെ പുറമെ, ഫ്ലോറിഡയിലെ രാഷ്ട്രീയമായി വളരെ സജീവമായ ക്യൂബൻ-അമേരിക്കൻ പ്രവാസി സമൂഹം (Cuban-American diaspora) അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. മാത്രമല്ല, ഫ്ലോറിഡ പലപ്പോഴും തെരഞ്ഞെടുപ്പുകളിൽ നിർണായകമായ ഒരു ‘സ്വിംഗ് സ്റ്റേറ്റ്’ (Swing State) ആയതുകൊണ്ട് തന്നെ, ഈ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റുമാർ പലപ്പോഴും ക്യൂബയോട് കർക്കശമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സാമ്പത്തിക ഉപരോധമാണ് (Trade embargo) അമേരിക്ക ക്യൂബയ്‌ക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്നത്. ക്യൂബയിലെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യത്തിന്റെ അഭാവവുമാണ് ഇതിന് കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button