റഷ്യൻ ഇന്ധനം വിലക്കി യൂറോപ്പ്; യുക്രെയ്നിന് 970 കോടി ഡോളറിന്റെ ധനസഹായം
ബ്രസൽസ് ∙ യൂറോപ്പിലേക്കുള്ള റഷ്യൻ ഇന്ധന ഇറക്കുമതിയിലേറെയും ഈ വർഷാവസാനത്തോടെ നിർത്താനും യുക്രെയ്നിനു 970 കോടി ഡോളറിന്റെ ധനസഹായം നൽകാനും യൂറോപ്യൻ യൂണിയൻ (ഇയു) ഉച്ചകോടി തീരുമാനിച്ചു.
യുക്രെയ്ൻ ആക്രമണത്തിന്റെ പേരിൽ റഷ്യയെ ശിക്ഷിക്കാനുള്ള അധിക ഉപരോധനടപടികളുടെ ഭാഗമായാണു കടൽ മാർഗമുള്ള ഇന്ധന ഇറക്കുമതി നിർത്താൻ തീരുമാനിച്ചത്. ഹംഗറിയുടെ എതിർപ്പു പരിഗണിച്ച് പൈപ്പ് ലൈൻ വഴിയുള്ള ഇറക്കുമതി തുടരും.
യൂറോപ്പിലേക്കുള്ള റഷ്യൻ ഇന്ധന ഇറക്കുമതിയുടെ 90 ശതമാനവും
വർഷാവസാനത്തോടെ തടയുമെന്ന് ഇയു മേധാവി ഉർസുല വോൻ ദേർ ലെയൻ പറഞ്ഞു. എന്നാൽ, യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യധാന്യകയറ്റുമതി പുനരാംഭിക്കുന്നതു സംബന്ധിച്ചു കൃത്യമായ നടപടികളായിട്ടില്ല. ലക്ഷക്കണക്കിനു ടൺ ധാന്യമാണു രാജ്യത്തു കെട്ടിക്കിടക്കുന്നത്.
യുക്രെയ്ൻ സംഘർഷത്തിന്റെ പേരിൽ 5 ഘട്ട ഉപരോധങ്ങളാണ് നേരത്തേ യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കെതിരെ ചുമത്തിയത്. എന്നാൽ, ഇന്ധന ഉപരോധത്തിന് നേതാക്കൾക്കിടയിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ല. ഇയുവിന്റെ 40% പ്രകൃതിവാതകവും 25% എണ്ണയും റഷ്യയിൽ നിന്നാണ്.
യുവധാര ന്യൂസ്