അന്തർദേശീയം
മയക്കുമരുന്ന് കടത്ത് ആരോപിച്ച് പസിഫിക്, കരീബിയന്‍ മേഖലയിലെ കപ്പലുകളിൽ യുഎസ് വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു

വാഷിങ്‌ടൺ ഡിസി : മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കൻ പസഫിക് സമുദ്രത്തിലെ രണ്ട് കപ്പലുകളിലേക്കും കരിബീയൻ കടലിലെ കപ്പലിലേക്കും യുഎസ് സതേൺ കമാൻഡ് വ്യോമാക്രമണം. 11 പേർ കൊല്ലപ്പെട്ടു. എന്നാൽ, അമേരിക്ക ആക്രമിച്ച കപ്പലുകൾ മയക്കുമരുന്ന് കടത്ത് സംഘങ്ങളുടേത് ആണെന്നതിന് തെളിവില്ലെന്ന് ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ, തീവ്രവാദ വിരുദ്ധ സമിതി പ്രതിനിധി ബെൻ സോൾ വെളിപ്പെടുത്തി.
‘മയക്കുമരുന്ന് തീവ്രവാദികൾ’ എന്ന് മുദ്രകുത്തി 146 പേരെയാണ് യുഎസ് ഇതിനോടകം കൊന്നൊടുക്കിയത്. കൊല്ലപ്പെട്ടവരിൽ ഏറെയും കൊളംബിയ, ട്രിനിഡാഡ് ആൻഡ് ടോബാഗോ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ്. കപ്പലുകളിൽ നിന്ന് ആക്രമണം ഉണ്ടായെന്നും ഇവർ വിദേശ തീവ്രവാദ സംഘങ്ങളുമാണെന്നാണ് അമേരിക്കയുടെ ന്യായീകരണം.



