അന്തർദേശീയം

കിഴക്കൻ കോംഗോയിൽ ഖനി തകർന്നു; 200 മരണം

കിൻഷാസ : കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബയ കോൾട്ടൻ ഖനി തകർന്ന് 200ലധികം പേർ കൊല്ല​പ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽനിന്ന് വിഘടിച്ച് നിൽക്കുന്ന പ്രവിശ്യയാണിത്.

നോർത്ത് കിവുവി​ന്റെ പ്രവിശ്യാ തലസ്ഥാനമായ ഗോമ നഗരത്തിന് ഏകദേശം 60 കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖനിയാണ് ബുധനാഴ്ച തകർന്നത്. മരണം ഇരുന്നൂറിലധികം ഉണ്ടെങ്കിലും കൃത്യമായ കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഖനിയിലെ മണ്ണിടിച്ചിലിൽ ഖനിത്തൊഴിലാളികൾ, കുട്ടികൾ, സ്ത്രീകൾ എന്നിവരുൾപ്പെടെ കൊല്ലപ്പെട്ടുവെന്നും ചിലരെ രക്ഷപ്പെടുത്തിയെന്നും അവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു​വെന്നും ഖനി സ്ഥിതി ചെയ്യുന്ന പ്രവിശ്യയുടെ വിമതർ നിയമിച്ച ഗവർണറുടെ വക്താവ് ലുമുംബ കാംബെരെ മുയിസ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രദേശത്ത് ഇപ്പോൾ മഴക്കാലമാണ്. ഇതുകാരണം നിലം ദുർബലമായിരുന്നു ഇതിനാലാണ് മണ്ണിടിഞ്ഞ് അപകടണമുണ്ടായതെന്ന് മുയിസ പറഞ്ഞു.

റുബയ ഖനി കോൾട്ടൻ എന്ന ലോഹ അയിരിന് പ്രസിദ്ധമാണ്. ടാന്റലം, നിയോബിയം എന്നീ മൂലകങ്ങൾ വേർതിരിച്ചെടുക്കുന്ന കറുത്ത നിറത്തിലുള്ള ലോഹ അയിരാണിത്.

ലോകത്തെ കോൾട്ടന്റെ 15 ശതമാനവും ഇവിടെ നിന്നാണ് കുഴിച്ചെടുക്കുന്നത്. വലിയ ഉപകരണങ്ങളോ മറ്റോ ഇല്ലാതെ ഖനിത്തൊഴിലാളികളുടെ മനുഷ്യാധ്വാനം മാത്രം ഉപയോഗിച്ചാണ് ഇവിടെ ഖനനം നടക്കുന്നത്.

വളരെ ചെറിയ തുക മാത്രമാണ് ഇവർക്ക് പ്രതിഫലമായി നൽകുന്നത്. നിലവിൽ റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഖനിയും പ്രവർത്തിക്കുന്നത്. വിമത പ്രവർത്തനങ്ങൾക്കായി എം23 ഖനിയുടെ വരുമാനം ഉപയോഗിക്കുന്നുണ്ടെന്ന് യു.എൻ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button