20 വർഷത്തിനുശേഷം ആദ്യമായി പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് മുന്നേറ്റം

ലിസ്ബൺ : പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക റൗണ്ടിൽ സോഷ്യലിസ്റ്റ് പാർടി സ്ഥാനാർഥി ഹോസെ അന്റോണിയോ സെഗുറോ ഒന്നാമതെത്തി. വിജയപ്രതീക്ഷയിലായിരുന്ന തീവ്ര വലതുപക്ഷ നേതാവ് ആൻഡ്രെ വെഞ്ചുറയ്ക്ക് 23.5 ശതമാനം വോട്ടുമാത്രം നേടിയപ്പോൾ സെഗുറോയ്ക്ക് 31.1 ശതമാനം വോട്ടു ലഭിച്ചു. ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാൽ ഫെബ്രുവരി എട്ടിന് രണ്ടാംഘട്ട വോട്ടെടുപ്പിൽ ഇരുവരും നേരിട്ട് ഏറ്റുമുട്ടും. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 11 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
40 വർഷത്തിനിടെ ഇതാദ്യമായാണ് പോർച്ചുഗൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംറൗണ്ടിലേക്ക് നീളുന്നത്. സെഗുറോ വിജയിച്ചാൽ 20 വർഷത്തിനുശേഷം പോർച്ചുഗലിന് വീണ്ടും ഇടതുപക്ഷ പ്രസിഡന്റിനെ ലഭിക്കും. പോളുകൾ പ്രവചിച്ചത് വെഞ്ചുറ ആദ്യറൗണ്ടിൽ ഒന്നാമതെത്തുമെന്നാണ്. അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ ഷെഗ പാർടിക്ക് പൊതുജന പിന്തുണ പരിമിതമായതിനാൽ കാരണം അവസാനറൗണ്ടിൽ വിജയസാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. “അമിത കുടിയേറ്റം’ അവസാനിപ്പിക്കുമെന്നായിരുന്നു വെഞ്ചുറോയുടെ പ്രധാന മുദ്രാവാക്യം.
രാജ്യത്തുടനീളം “ഇത് ബംഗ്ലാദേശ് അല്ല’, “കുടിയേറ്റക്കാരെ ക്ഷേമത്തിൽ ജീവിക്കാൻ അനുവദിക്കില്ല’ തുടങ്ങിയ വാചകങ്ങളുമായി വംശീയവിദ്വേഷ ബോർഡുകൾ സ്ഥാപിച്ചു. പോർച്ചുഗലിലെ മറ്റ് പാർടികൾക്കിടയിൽ ഇൗ പ്രചാരണം ഏറ്റെടുത്തില്ല. ലിബറൽ ഇനിഷ്യേറ്റീവ് പാർടി സ്ഥാനാർഥിയായിരുന്ന കോട്രിം ഡി ഫിഗ്വിറിഡോ വെഞ്ചുറയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. തന്റെ പാർടി ഒരു സ്ഥാനാർഥിയെയും പിന്തുണയ്ക്കില്ലെന്ന് മധ്യ-വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റ് നേതാവായ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ പറഞ്ഞു.



