അന്തർദേശീയം

മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും; യുഎസിൽ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍

വിര്‍ജീനിയ : യുഎസിലെ വിര്‍ജീനിയയില്‍ മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടത്തിയതിന് രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍. മോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. തരുണ്‍ ശര്‍മ്മ (55), ഭാര്യ കോശ ശര്‍മ്മ (52) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികള്‍. ഇവര്‍ക്കൊപ്പം മാര്‍ഗോ പിയേഴ്‌സ് (51), ജോഷ്വ റെഡിക് (40), റഷാര്‍ഡ് സ്മിത്ത് (33) എന്നിവരും പിടിയിലായിട്ടുണ്ട്.

വിര്‍ജീനിയയില്‍ റെഡ് കാര്‍പെറ്റ് ഇന്‍ എന്ന പേരില്‍ ബിസിനസ് നടത്തുകയായിരുന്നു സംഘം. മോട്ടലില്‍ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടന്നിരുന്നത്. താഴത്തെ നിലകളില്‍ അതിഥികളെ താമസിപ്പിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇടപാടുകാര്‍ക്കിടയില്‍ കോശ ശര്‍മ്മ ‘മാ’ എന്നും തരുണ്‍ ശര്‍മ്മ ‘പോപ്പ്’ എന്നുമാണ് അറിയപ്പെട്ടിരുന്നത്. മോട്ടലില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദമ്പതികള്‍ ലാഭവിഹിതം കൈപ്പറ്റിയിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

എഫ്ബിഐയും ലോക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഘത്തെ കുടുക്കിയത്. കുറഞ്ഞത് എട്ട് സ്ത്രീകളെയെങ്കിലും ഇവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവരെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 80 മുതല്‍ 150 ഡോളര്‍ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. കൊക്കെയ്ന്‍ അടക്കമുള്ള മാരകമായ ലഹരിമരുന്നുകള്‍ ഇവിടെനിന്ന് വിറ്റഴിച്ചിരുന്നു. രഹസ്യ ഏജന്റുമാര്‍ പലതവണ ഇടപാടുകാരായി എത്തിയാണ് തെളിവ് ശേഖരിച്ചത്.

കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ലഹരിമരുന്ന് വിതരണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രിന്‍സ് വില്യം കൗണ്ടി പൊലീസും എഫ്ബിഐയും ചേര്‍ന്ന് നടത്തിയ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കുപ്രസിദ്ധ സംഘം വലയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button