സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് കൈമാറി മരിയ കൊറീന മഷാഡോ

വാഷിംഗ്ടൺ ഡിസി : തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മഷാഡോ. വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഇവർ പുരസ്കാരം നൽകിയത്.
വെനസ്വേലയിലെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ട്രംപ് നൽകിയ പിന്തുണക്ക് നന്ദി സൂചകമായാണ് പുരസ്കാരം സമർപ്പിച്ചതെന്ന് മഷാഡോ പറഞ്ഞു. വെനസ്വേലൻ ഭരണാധികാരിയായിരുന്ന നിക്കോളസ് മഡൂറോയെ പുറത്താക്കിയ അമേരിക്കൻ ഇടപെടലുകൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്. മഷാഡോയുടെ പ്രവൃത്തിയെ വലിയ ബഹുമതിയായി കാണുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.
എന്നാൽ നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാനോ പങ്കുവയ്ക്കാനോ നിയമപരമായി സാധിക്കില്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരിക്കൽ പ്രഖ്യാപിച്ച പുരസ്കാരം മാറ്റാൻ കഴിയില്ലെന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം.
മെഡൽ ഇപ്പോൾ ട്രംപിന്റെ കൈവശമാണെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് സ്ഥിരീകരിച്ചു.



