അന്തർദേശീയം

കാനഡയിൽ ഇന്ത്യൻ വ്യവസായിയെ വെടിവച്ച് കൊന്നു

ഒട്ടോവ : കാനഡയിൽ ഇന്ത്യൻ വ്യവസായി വെടിയേറ്റ് മരിച്ചു. 48കാരനായ ബിന്ദർ ഗർച്ചയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ സറേയിലെ ഘുമൻ ഫാംസിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. ഗർച്ച സ്റ്റുഡിയോ 12 എന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു ബിന്ദർ. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു കത്തിക്കരിഞ്ഞ വാഹനം പോലീസ് കണ്ടെത്തി.

സർറിയിലെ 176 സ്ട്രീറ്റും 35 അവന്യൂവും ചേരുന്ന സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.5നാണ് ദാരുണ സംഭവം നടന്നത്. സറേയിലെ ഇൻ്റേഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിക്കുന്നത്. കണ്ടെത്തിയ കത്തിക്കരിഞ്ഞ വാഹനം പ്രതികൾ സഞ്ചരിച്ചതാണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല.

ഈ സംഭവം പഞ്ചാബി സമൂഹത്തിൽ ആശങ്ക ശക്തമാക്കി. പ്രദേശത്ത് സംഘടിത കുറ്റകൃത്യങ്ങളും ഭീഷണികളും വർധിക്കുന്നതിൻ്റെ സൂചനയാണിതെന്നാണ് ഇന്ത്യൻ സമൂഹം വ്യക്തമാക്കുന്നത്. അടുത്തിടെയായി പ്രമുഖ പഞ്ചാബി വ്യവസായികളെയാണ് അക്രമികൾ ലക്ഷ്യമിടുന്നത്. പലരും കൊല്ലപ്പെടുകയും നിരവധി സ്ഥാപനങ്ങൾക്ക് നേരെ വെടിവെപ്പ് ഉണ്ടാകുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറിൽ 68 വയസ്സുള്ള പഞ്ചാബി – കനേഡിയൻ വ്യവസായി ദർശൻ സിങ് സഹ്‌സിയെ അബോട്ട്സ്‌ഫോർഡിലെ വീട്ടിൽ വെടിയേറ്റ് മരിച്ചിരുന്നു. ലോകത്തിലെ പ്രമുഖ വസ്ത്ര പുനരുപയോഗ സ്ഥാപനമായ കാനാം ഇൻ്റർനാഷണലിൻ്റെ പ്രസിഡൻ്റായിരുന്നു ദർശൻ സിങ് സഹ്‌സിയ.

കഴിഞ്ഞ വർഷം ജൂൺ 11ന് 57 വയസ്സുള്ള പഞ്ചാബി വംശജനായ വ്യവസായി സത്വീന്ദർ ശർമ്മയെ സറേയിലെ അദ്ദേഹത്തിൻ്റെ ഓഫീസിൽ വെടിവെച്ചുകൊന്നു. ഇദ്ദേഹം 33 വർഷമായി കമ്പനി നടത്തിവരികയായിരുന്നു. പ്രാദേശിക പഞ്ചാബി സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു സത്വീന്ദർ ശർമ്മ.

ഇന്ത്യൻ വംശജനായ ജാസ്വിർ ദേസി എന്നയാളുടെ വീടിനു നേരെ ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ വെടിവെപ്പിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. കാനഡയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന ജാസ്വിർ ദേസി എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ലോറൻസ് ബിഷ്ണോയി സംഘത്തിൻ്റെ കാനഡയിലെ തലവൻ ഗോൾഡി ധില്ലൻ വെടിവെപ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്താവന നടത്തിയത്.

കാനഡയിലെ ബ്രാംപ്ടണിലെ 5 Louvre Circle, Brampton (ON L6P 1W2) എന്ന വിലാസത്തിലുള്ള ജാസ്വിർ ദേസിയുടെ വീടിന് നേരെയാണ് ബിഷ്ണോയി സംഘം വെടിയുതിർത്തത്. വീടിന് നേരെ വെടിവെപ്പ് നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ സംഘം പുറത്തുവിടുകയും ചെയ്തിരുന്നു. ഒരാൾ രണ്ട് ദിശകളിൽ നിന്നായി വീട് ലക്ഷ്യമാക്കി നിറയൊഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button