75 രാജ്യങ്ങള്‍ക്ക് കൂടി വിസാ വിലക്കേര്‍പ്പെടുത്തി യുഎസ്

വാഷിങ്ടണ്‍ ഡിസി : കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കടുപ്പിച്ച് അമേരിക്ക. 75 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുടെ വിസാ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ചയാണ് സുപ്രധാന തീരുമാനം പുറത്തുവിട്ടത്. റഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിസാ അപേക്ഷകള്‍ നിരസിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് എംബസികള്‍ക്ക് നിര്‍ദേശം നല്‍കി.
ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്, കുടിയേറ്റ, കുടിയേറ്റേതര വിസ അനുവദിക്കുന്നതിന് ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇതിനകം തന്നെ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. പിന്നാലെയാണ് വിലക്ക് നീട്ടുന്നത്. ‘അമേരിക്കന്‍ ജനതയില്‍ നിന്ന് സമ്പത്ത് ചൂഷണം ചെയ്യുന്നവര്‍ അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിക്കുന്നു,’ എന്നാണ് നടപടിക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിശദീകരണം.
അഫ്ഗാനിസ്ഥാന്‍, അല്‍ബേനിയ, അള്‍ജീരിയ, ആന്റിഗ്വ, ബാര്‍ബുഡ, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹാമാസ്, ബംഗ്ലാദേശ്, ബാര്‍ബഡോസ്, ബെലാറസ്, ബെലീസ്, ഭൂട്ടാന്‍, ബോസ്‌നിയ, ബ്രസീല്‍, ബര്‍മ്മ, കംബോഡിയ, കാമറൂണ്‍, കേപ് വെര്‍ഡെ, കൊളംബിയ, കോംഗോ, ക്യൂബ, ഡൊമിനിക്ക, ഈജിപ്ത്, എറിട്രിയ, എത്യോപ്യ, ഫിജി, ഗാംബിയ, ജോര്‍ജിയ, ഘാന, ഗ്രെനഡ, ഗ്വാട്ടിമാല, ഗിനിയ, ഹെയ്തി, ഇറാന്‍, ഇറാഖ്, ഐവറി കോസ്റ്റ്, ജമൈക്ക, ജോര്‍ദാന്‍, കസാക്കിസ്ഥാന്‍, കൊസോവോ, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലെബനന്‍, ലൈബീരിയ, ലിബിയ, മാസിഡോണിയ, മോള്‍ഡോവ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, നേപ്പാള്‍, നിക്കരാഗ്വ, നൈജീരിയ, പാകിസ്ഥാന്‍, റിപ്പബ്ലിക് ഓഫ് കോംഗോ, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, സെനഗല്‍, സിയറ ലിയോണ്‍, സൊമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, ടാന്‍സാനിയ, തായ്ലന്‍ഡ്, ടോഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്‌ബെക്കിസ്ഥാന്‍, യെമന്‍ എന്നിവയാണ് പുതിയ പട്ടിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍.



