ഇയു– മെർകോസർ സ്വതന്ത്രവ്യാപാര കരാർ; ഫ്രാന്‍സില്‍ കർഷക പ്രക്ഷോഭം ശക്തമായി

പാരീസ് : യൂറോപ്യൻ യൂണിയനും തെക്കേഅമേരിക്കൻ വ്യാപാര കൂട്ടായ്‌മയായ മെർകോസറും സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പുവയ്‌ക്കുന്നതിനെതിരെ ഫ്രാൻസിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. റോഡ്, തുറമുഖ ഉപരോധങ്ങളുമായി കർഷകർ പ്രതിഷേധം ശക്തമാക്കി.
മെർകോസറുമായി ദീർഘകാലമായി ചർച്ചചെയ്‌തിരുന്ന കരാറിൽ വാരാന്ത്യത്തിൽ ഒപ്പുവയ്‌ക്കുമെന്ന് യൂറോപ്യൻ കമീഷൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സമരം രൂക്ഷമായത്.
ഫ്രാൻസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് കരാറുമായി മുന്നോട്ടുപോകാൻ ഇയു നേതൃത്വം തീരുമാനിച്ചു.17ന് പരാഗ്വേയിൽ കരാറിൽ ഒപ്പുവയ്‌ക്കും. വിലകുറഞ്ഞ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യൻ കർഷകർക്ക് തിരിച്ചടിയാകുമെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി.
ഫ്രാൻസിനും സ്‌പെയിനിനും ഇടയിലുള്ള ഗതാഗതം കർഷകർ ട്രാക്‌ടറുകൾ നിരത്തി തടഞ്ഞു. തിങ്കളാഴ്‌ച ദീർഘമായ ചർച്ചകൾക്കുശേഷം പ്രതിഷേധക്കാർ ഉപരോധം നീക്കാൻ സമ്മതിച്ചു. ലെ ഹാവ്രെ തുറമുഖത്ത് ഏകദേശം 150 ട്രാക്‌ടറുകളുമായി കർഷകർ പ്രവർത്തനം തടസ്സപ്പെടത്തി. ട്രക്കുകൾ പരിശോധിക്കുകയും യൂറോപ്യൻ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ നീക്കുകയും ചെയ്‌തു. പ്രത്യാഘാതങ്ങളെക്കുറിച്ച് ഇയുവിനും ഫ്രഞ്ച് സർക്കാരിനും വ്യക്തമായ സൂചന നൽകുകയാണ് ലക്ഷ്യമിട്ടതെന്നും സമരം ശക്തമായി തുടരുമെന്നും സംഘാടകർ പറഞ്ഞു.



