അന്തർദേശീയം
ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഏജന്റുമാർക്കെതിരെ മിനസോട്ടയിൽ പ്രതിഷേധം; ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു

മിനിയപ്പലിസ് : ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് (ഐസ്) ഏജന്റുമാർക്കെതിരെ യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ തുടരുന്ന പ്രതിഷേധം സംഘർഷഭരിതം. കുടിയേറ്റ വിരുദ്ധ പരിശോധന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ മിനസോട്ട സർക്കാർ കോടതിയെ സമീപിച്ചു. മിനിയപ്പലിസിൽ ചൊവ്വാഴ്ചയും ഇമിഗ്രേഷൻ ഏജന്റുമാരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഐസ് ഓഫിസിനുമുന്നിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു.
കഴിഞ്ഞയാഴ്ച ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് മിനിയപ്പലിസിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിലുളള രോഷമാണു ജനകീയ പ്രതിഷേധമായി വ്യാപിച്ചത്. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള റെയ്ഡുകൾക്ക് നഗരത്തിൽ സായുധരായ 2000 ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിട്ടുള്ളത്. റെയ്ഡ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണു സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലെ ആവശ്യം.



