സിഖ് നഗരപ്രദക്ഷിണം വീണ്ടും തടഞ്ഞ് ന്യൂസീലൻഡിലെ തീവ്ര വലതുപക്ഷ വിഭാഗം

വെല്ലിങ്ടൺ : ന്യൂസിലാൻഡിൽ സിഖ് മതക്കാരുടെ ‘നഗർ കീർത്തൻ ‘ ( മതപരമായ നഗരപ്രദക്ഷിണ ഘോഷയാത്ര ) രണ്ടാഴ്ചക്കിടെ വീണ്ടും തടയപ്പെട്ടു. രാജ്യത്തെ തീവ്ര വലതുപക്ഷ വിഭാഗങ്ങളാണ് ഘോഷയാത്ര തടസ്സപ്പെടുത്തിയത്. ടൗറംഗ നഗരത്തിൽ നടന്ന ഈ സംഭവം ഇന്ത്യൻ സമൂഹത്തിലാകെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ടൗറംഗയിലെ ഗുർദ്വാര സിഖ് സൻഗത് ക്ഷേത്രത്തിൽ നിന്ന് രാവിലെ 11 മണിയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. കാമറൂൺ റോഡ് വഴി ടൗറംഗ ബോയ്‌സ് കോളേജിലേക്ക് നീങ്ങുകയായിരുന്നു ഘോഷയാത്ര. ഇതിനെതിരെ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ന്യൂസീലാൻഡുകാർ രംഗത്തിറങ്ങുകയായിരുന്നു. സംഭവത്തൽ അമൃത്സർ ഷിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) അതീവ ആശങ്ക രേഖപ്പെടുത്തി. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്.
ഓക്‌ലാൻഡിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ അകലെയാണ് ടൗറംഗ നഗരം. ഘോഷയാത്രയ്ക്കെതിരെ ക്രിസ്ത്യൻ ഗ്രൂപ്പിൽ നിന്നുള്ള എതിർപ്പിന്റെ സാധ്യത മുൻകൂട്ടി കണ്ടതിനെ തുടർന്ന് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ പോലീസിനെ വകവെക്കാതെ പെന്തക്കോസ്ത് നേതാവ് ബ്രയാൻ ടമാക്കിയുമായി ബന്ധമുള്ള ഡെസ്റ്റിനി ചർച്ചിന്റെ അംഗങ്ങൾ ഘോഷയാത്ര തടസ്സപ്പെടുത്താൻ ശ്രമിച്ചു.
ന്യൂസിലാൻഡുകാർ ഘോഷയാത്രയ്ക്ക് മുന്നിൽ നിൽക്കുകയും തടസ്സപ്പെടുത്തുകയുമായിരുന്നു. അവർ പരമ്പരാഗത മാവോറി ഹക്ക എന്ന ഗോത്ര നൃത്തം അവതരിപ്പിച്ചു കൊണ്ടാണ് തടസ്സപ്പെടുത്തിയത്. ‘ഇത് ന്യൂസിലാൻഡാണ്, ഇന്ത്യയല്’ എന്ന് എഴുതിയ ബാനറുകൾ ഉയർത്തുകയും ചെയ്തു. പോലീസും വളണ്ടിയർമാരും ജാഗ്രത പുലർത്തിയതിനാൽ വലിയ അനിഷ്ട സംഭവങ്ങളില്ലാതെ പരിപാടി അവസാനിച്ചു.
ടമാകി സംഘടന പിന്നീട് ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. “ആരുടെ തെരുവുകളാണ്? നമ്മുടെ തെരുവുകളാണ്. ഇത് ന്യൂസിലാൻഡാണ്, ഇന്ത്യയല്ല” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. “ഇന്ന് ടൗറംഗയിൽ നമ്മുടെ യഥാർത്ഥ ദേശസ്നേഹികൾ സിഖ് പരേഡിന് മറുപടിയായി ഹക്ക അവതരിപ്പിച്ചു. അക്രമമില്ല നിശബ്ദതയുമില്ല. സമാധാനപരമായ പ്രതിരോധം. ഞങ്ങളുടെ മുദ്രാവാക്യം ഞങ്ങളുടെ തെരുവുകളിൽ മുഴങ്ങി: ‘ആരുടെ തെരുവുകളാണ്? നമ്മുടെ തെരുവുകളാണ്. ആരുടെ തെരുവുകളാണ്? ന്യൂസിലാൻഡിന്റെ തെരുവുകളാണ്,’ വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞു.
ഏതാണ്ട് മൂന്നാഴ്ച മുൻപ്, ഓക്‌ലാൻഡിൽ നടന്ന സിഖ് ഘോഷയാത്രയും വലതുപക്ഷ പ്രക്ഷോഭകർ തടസ്സപ്പെടുത്തിയിരുന്നു. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണാർത്ഥമായിരുന്നു ആ ഘോഷയാത്ര. അന്നത്തെ സംഭവം പ്രാദേശിക സിഖ് സമൂഹത്തിൽ നിന്നുള്ള കടുത്ത പ്രതികരണങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, അകാലി തഖ്ത് ജത്തേദാർ, എസ്ജിപിസി എന്നിവരിൽ നിന്ന് ശക്തമായ പ്രതികരണങ്ങളുണ്ടായി. ‘ലോക സാഹോദര്യം ശക്തിപ്പെടുത്തുന്നതിൽ എപ്പോഴും മാതൃകാപരമായ സംഭാവനകൾ നൽകിയിട്ടുള്ള സിഖ് സമൂഹത്തിന്റെ മതപരമായ പാരമ്പര്യങ്ങളെ വെറുപ്പോടെ കാണുന്നത് തികച്ചും അസ്വീകാര്യമാണെ’ന്ന് എസ്ജിപിസി അധ്യക്ഷൻ ഹർജിന്ദർ സിംഗ് ധാമി പറഞ്ഞു.



