2025ല്‍ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷം വിസകള്‍

വാഷിങ്ടൺ ഡിസി : കുടിയേറ്റം തടയുന്നതിനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമായി 2025-ല്‍ യുഎസ് സുരക്ഷാ വകുപ്പ് ഏകദേശം ഒരു ലക്ഷത്തോളം വിസകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇതില്‍ 8,000ത്തിലധികവും വിദ്യാര്‍ത്ഥി വിസകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിസകള്‍ റദ്ദാക്കിയിട്ടുള്ളത്. ജോ ബൈഡന് പ്രസിഡന്റായിരുന്ന അവസാന വര്‍ഷമായ 2024ല്‍ റദ്ദാക്കപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ് കഴിഞ്ഞ വര്‍ഷത്തെ വിസ റദ്ദാക്കലെന്നും റിപ്പോര്‍ട്ട് പറയുന്നു.
റദ്ദാക്കപ്പെട്ട വിസകളില്‍ 8,000ത്തോളം വിദ്യാര്‍ത്ഥി വിസകളും 2,500 എണ്ണം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ നേരിട്ടിട്ടുള്ള സ്പേഷ്യലൈസ്ഡ് വിസകളുമാണെന്ന് യുഎസ് സുരക്ഷാ വകുപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞു. അമേരിക്കയെ സുരക്ഷിതമാക്കുന്നതിന് അക്രമികളെ നാടുകടത്തുന്നത് തുടരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
വിദേശ പൗരന്മാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേതടക്കമുള്ള പരിശോധനകള്‍ കര്‍ശനമാക്കികൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ വന്നതിനു പിന്നാലെയാണ് വിസ റദ്ദാക്കലുകളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്. 2024ല്‍ ഏകദേശം 40,000 വിസകളാണ് റദ്ദാക്കിയത്. 2025ല്‍ റദ്ദാക്കപ്പെട്ട വിസകളില്‍ ഭൂരിഭാഗവും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്ന ബിസിനസ്, ടൂറിസ്റ്റ് സന്ദര്‍ശകരുടേതാണ്.



