‘കേരളം സമരമുഖത്തേക്ക്’; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം : കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും അവഗണനയ്ക്കുമെതിരായ ഇന്ന് എല്‍ഡിഎഫ് പ്രക്ഷോഭം. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2024ല്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണിത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും അണിനിരക്കും. വര്‍ഗബഹുജന സംഘടനകള്‍ പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും.
തിങ്കളാഴ്ചത്തെ സത്യഗ്രഹത്തിലൂടെ സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യഗ്രഹത്തില്‍ ജനപ്രതിനിധികളോടൊപ്പം നാടൊന്നാകെ അണിനിരക്കും.എല്ലാവര്ക്കും സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടപെടലുമായി മുന്നോട്ടുപോവുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.
വികസനമുന്നേറ്റത്തെ തടസ്സപ്പെടുത്തി സര്‍ക്കാരിനെയും നാടിനെയും ശ്വാസംമുട്ടിക്കാനായി കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഉപരോധം വലിയ ജനരോഷമുയര്‍ത്തിയിട്ടുണ്ട്. ജനകീയ വികസന പദ്ധതികള്‍ നടപ്പാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കൈവന്ന സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. സ്ത്രീസുരക്ഷാ പദ്ധതി, കണക്റ്റ് ടു വര്‍ക് സ്കോളര്‍ഷിപ് തുടങ്ങിയ ഇടപെടലുകളെയും ക്ഷേമപെന്ഷന് വിതരണം പോലുള്ള നടപടികളെയും തടസ്സപ്പെടുത്തുന്ന കേന്ദ്രനീക്കത്തെ കേരളം ചെറുക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.



