കേരളം

രാഹുൽ മാങ്കൂട്ടത്തിൽ 14 ദിവസം റിമാൻഡിൽ

പത്തനംതിട്ട : മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റിമാൻഡിലായ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.

രാഹുലിനെ റിമാൻഡ് ചെയ്തില്ലെങ്കിൽ അതിജീവിതയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും പ്രതി ഹാബിച്വൽ ഒഫൻഡർ ആണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. മുൻ കേസുകളുടെ ക്രൈംനമ്പർ അടക്കം രേഖപ്പെടുത്തിയാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണ സാധ്യതയുണ്ടെന്നും മാനസിക സമ്മർദത്തിലാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് ആവശ്യങ്ങൾ മജിസ്‌ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.

ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 11.30നാണ് രാഹുലിനെ എആർ ക്യാമ്പിൽ നിന്ന് പുറത്തെത്തിച്ച് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്. രാഹുലിനെ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായത്. എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.

നിരവധി പ്രവർത്തകരാണ് ആശുപത്രിക്ക് മുന്നിലേക്ക് ഇരച്ചെത്തിയത്. രാഹുൽ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കൂക്കുവിളിയോടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. അകത്തുകയറ്റിയ രാഹുലിനെ കനത്ത പ്രതിഷേധത്തെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസിന് പുറത്തിറക്കാനായത്. ആശുപത്രിയുടെ രണ്ട് കവാടങ്ങളിലും വലിയ പ്രതിഷേധം അലയടിച്ചതോടെ രാഹുലിനെ പുറത്തിറക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു.

അതേസമയം, പരാതിയിലെ ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലിൽ രാഹുൽ നിഷേധിച്ചു. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കാതിരുന്ന രാഹുൽ, എല്ലാം വക്കീൽ പറയും എന്ന് മാത്രമാണ് മറുപടി നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈം​ഗികബന്ധമാണ് ഉണ്ടായതെന്നും പീഡനമല്ലെന്നും രാഹുൽ അവകാശപ്പെട്ടു.

ക്രൂരമായി ബലാത്സം​ഗം ചെയ്തെന്നും ​ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് അർധരാത്രി 12.30ഓടെ പൊലീസ് സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആദ്യ രണ്ട് കേസുകളിൽ മുൻകൂർ ജാമ്യം നേടിയ രാഹുലിനെതിരെ ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ വളരെ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം. ആദ്യ കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി. മുൻകൂർ ജാമ്യത്തിന് അവസരം നൽകാതെയാണ് അർധരാത്രി മൂന്ന് വാഹനങ്ങളിലെത്തിയ എട്ട് പേരടങ്ങുന്ന പൊലീസ് സംഘം രാഹുലിനെ വലയിലാക്കിയത്. ഹോട്ടലിലെ റൂം നമ്പർ 2002ലാണ് രാഹുൽ കഴിഞ്ഞിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button