ചാലക്കുടിയിൽ ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്

തൃശൂര്‍ : ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെത്തുടര്‍ന്ന് വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ പാലക്കാട് നഗരസഭ ജീവനക്കാര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിനകത്തുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
കുഴല്‍മന്ദം മന്ദീരാദ് വീട്ടില്‍ ബിന്ദുജ(36), ഇവരുടെ മകന് അന്‍വേദ്(4), വടക്കുംതറ കളരിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(52), പാലക്കാട് മലയത്ത് വീട്ടില്‍ സരിത(44), ഇവരുടെ മകള്‍ ചാരുനേത്ര(12), പാലക്കാട് അല്‍ഹിലാല്‍ വീട്ടില്‍ മുഫിയ ബീവി(40), ഡ്രൈവര്‍ കൊട്ടേക്കാട്ട് സ്വദേശി വരുണ്‍(35)എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആനമല റോഡില്‍ പത്തടിപാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.
പാലക്കാട് നിന്നും പൊള്ളാച്ചി വഴിയാണ് സംഘം വന്നത്. പത്തടിപാലത്തിന് സമീപത്ത് വച്ച് ഡ്രൈവര്‍ വരുണിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും നിയന്ത്രണംവിട്ട് വാഹനം 15 അടിയോളം താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. വനംവകുപ്പ്, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.



