ഡെൻമാർക്കിൽനിന്ന് കൂറുമാറാൻ തയാറുള്ള ഗ്രീൻലാൻഡുകാരെ കാശ് കൊടുത്ത് വശത്താക്കാൻ നീക്കവുമായി ട്രംപ്

ന്യൂക്ക് : ആക്രമിച്ച് വരുതിയിലാക്കൽ തൽക്കാലം നടക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഡെൻമാർക്കിൽനിന്ന് വേർപിരിഞ്ഞ് അമേരിക്കയിൽ ചേരാൻ സാധ്യതയുള്ള ഗ്രീൻലാൻഡുകാരെ കാശ് കൊടുത്ത് വശത്താക്കാൻ ട്രംപിന്റെ നീക്കം.
അവർക്ക് ഒറ്റത്തവണയായി പണം നൽകുന്നതിനെ കുറിച്ച് യു.എസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായി ഈ വിഷയവുമായി ബന്ധമുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഒരാൾക്ക് 10,000 മുതൽ 100,000 വരെ ഡോളറുകൾ കൊടുക്കുന്നത് ചർച്ച ചെയ്തതായി പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത സ്രോതസ്സുകൾ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണ വിദേശ പ്രദേശമായ ഗ്രീൻലാൻഡ്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനായി വൈറ്റ് ഹൗസ് ചർച്ച ചെയ്യുന്ന വിവിധ പദ്ധതികളിൽ ഒന്നാണ് ഈ തന്ത്രം.
വെനസ്വേലൻ നടപടിക്കു പിന്നാലെ ഗ്രീൻലാൻഡും പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ യൂറോപ്പിലുടനീളമുള്ള നേതാക്കൾ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ തന്ത്രം മാറ്റുകയായിരുന്നുവെന്ന് നിരീക്ഷകൾ അഭിപ്രായപ്പെടുന്നു.
ഗ്രീൻലാൻഡിനുമേൽ അവകാശം സ്ഥാപിക്കുന്ന ട്രംപിന്റെയും മറ്റ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങളോട് അവജ്ഞയോടെയാണ് അവർ പ്രതികരിച്ചത്. പ്രത്യേകിച്ചും യു.എസും ഡെൻമാർക്കും പരസ്പര പ്രതിരോധ കരാറിന് വിധേയമായ നാറ്റോ സഖ്യകക്ഷികളാണെന്ന വസ്തുത നിലനിൽക്കെയാണിത്.
പിടിച്ചെടുക്കൽ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ബ്രിട്ടൻ, ഡെൻമാർക്ക് എന്നിവ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഗ്രീൻലാൻഡിനും ഡെൻമാർക്കിനും മാത്രമേ അവരുടെ പരസ്പര ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കാൻ കഴിയൂ എന്നും രാജ്യത്തലവൻമാർ പറഞ്ഞു.



