ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയിലും മലിനജലം കുടിച്ച് നിരവധിപ്പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും

ന്യൂഡല്‍ഹി : ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയിലും മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ അസുഖ ബാധിതരായതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ നോയിഡയിലെ ഡെല്‍റ്റ് വണ്‍ സെക്ടറിലെ ഏകദേശം ഏഴ് കുടുംബങ്ങളാണ് ഛര്‍ദ്ദി, പനി, വയറിളക്കം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ചോര്‍ച്ചയെ തുടര്‍ന്ന് മലിനജലം കുടിവെള്ള വിതരണ ലൈനില്‍ കലര്‍ന്നതാണ് ഇതിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സെക്ടറിന്റെ ചില ഭാഗങ്ങളില്‍ ടാപ്പ് വെള്ളം കുടിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതായുള്ള ആരോപണം ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഇതുവരെ നടത്തിയ പരിശോധനകളില്‍ കുടിവെള്ള വിതരണത്തില്‍ മലിനജലം കലര്‍ന്നിട്ടില്ലെന്ന് കണ്ടെത്തിയതായി ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. മലിനജലം കവിഞ്ഞൊഴുകുന്നതും പൈപ്പ്ലൈനുകളിലെ ചോര്‍ച്ചയുമാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്ന് തദ്ദേശവാസിയും ലോക്കല്‍ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ഋഷിപാല്‍ ഭാട്ടി പറഞ്ഞു.
മലിനജലം കുടിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിരവധി പേര് മരിക്കുകയും ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിരവധി പേര് രോഗബാധിതരാകും ചെയ്തതിന് പിന്നാലെയാണ് ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിച്ച് മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനങ്ങളിലുടനീളം അധികൃതര്‍ കുടിവെള്ള സ്രോതസ്സുകളുടെ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
മലിനജലം ചോര്‍ച്ചയുള്ള കുടിവെള്ള പൈപ്പ്ലൈനുകളില്‍ കലര്‍ന്ന് വീടുകളില്‍ എത്തുന്നുണ്ടെന്നാണ് ഡെല്‍റ്റ വണ്‍ സെക്ടറിലെ തദ്ദേശവാസികള്‍ പറയുന്നത്. ബുധനാഴ്ച ഡെല്‍റ്റ 1 ല്‍ ആരോഗ്യ വകുപ്പ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 23 പേരെ പരിശോധിച്ചതായും ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച ഏഴ് രോഗികള്‍ക്ക് ചികിത്സ നല്‍കിയതായും ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നരേന്ദ്ര കുമാര്‍ പറഞ്ഞു.



