വെനസ്വേലക്ക് പിന്നാലെ മെക്സിക്കോയെയും കൊളംബിയെയും ആക്രമിക്കുമെന്ന സൂചന നല്കി ട്രംപ്

വാഷിങ്ടണ്‍ ഡിസി : വെനസ്വേലക്ക് പിന്നാലെ മെക്സിക്കോയെയും കൊളംബിയെയും ആക്രമിക്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണ് ഇതെന്ന് താന്‍ കരുതുന്നുവെന്നാണ് ട്രംപിന്റെ പ്രസ്താവന. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പരാമര്‍ശം.
അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോള്‍ കൊളംബിയ ഭരിക്കുന്നത്. ഈ ഭരണം അധികകാലം നീണ്ടുനില്‍ക്കില്ല. യു.എസിലേക്ക് കൊക്കെയ്ന്‍ വ്യാപകമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് കൊളംബിയയെന്ന് ട്രംപ് ആരോപിച്ചു. കൊളംബിയക്കെതിരായ പുതിയ സൈനിക ഓപ്പറേഷനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത് ‘നല്ല കാര്യമായി തോന്നുന്നു’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.
‘കൊളംബിയ ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലാണ്. കൊളംബിയ ഭരിക്കുന്ന ഗുസ്താവോ പെട്രോ അസുഖബാധിതനാണ്, മയക്കുമരുന്ന് നിര്‍മ്മാണവും അമേരിക്കയിലേക്കുള്ള അതിന്റെ കടത്തും ഇഷ്ടപ്പെടുന്ന ഒരാളാണ് ആ രാജ്യം ഭരിക്കുന്നത്,’ ട്രംപ് ആരോപിച്ചു. മയക്കുമരുന്ന് മാഫിയക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി മെക്സിക്കോയിലേക്കും കൊളംബിയയിലേക്കും സൈനിക ഓപ്പറേഷന് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ലെന്ന് അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ രംഗത്തെത്തിയിരുന്നു. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ല. എന്നാല്‍, നയപരമായ മാറ്റങ്ങള്‍ വരുത്താന്‍ വെനസ്വേലക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.



