അടിയന്തര യുഎൻ യോഗം വേണം; മഡുറോയെക്കുറിച്ച് യാതൊരു വിവരവുമില്ല : വെനസ്വേല

കാരക്കാസ് : പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ തിരോധാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ, അമേരിക്കൻ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് വെനസ്വേല ആവശ്യപ്പെട്ടു.
‘ഞങ്ങളുടെ മാതൃരാജ്യത്തിനെതിരെ യുഎസ് സർക്കാർ നടത്തിയ ക്രിമിനൽ ആക്രമണത്തെ നേരിടേണ്ടി വന്നതിനാൽ, അന്താരാഷ്ട്ര നിയമം നിലനിർത്താൻ ഉത്തരവാദികളായ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.’ വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൻ ഗിൽ പറഞ്ഞു.
അതേസമയം, പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെയും ഭാര്യ സിലിയ ഫ്‌ലോറസിന്റെയും വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. പുലർച്ചെ കാരക്കാസ്, മിറാൻഡ, അരാഗ്വ, ലാ ഗ്വെയ്ര എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടന്നതിന് ശേഷമാണ് മഡുറോയെയും ഭാര്യയെയും കാണാതായത്. പ്രസിഡന്റിനെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്നു കടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനു തൊട്ടുപിന്നാലെ അറിയിച്ചിരുന്നു.
വെനസ്വേലയിൽ അമേരിക്ക ‘വലിയ തോതിലുള്ള ആക്രമണം’ നടത്തിയതായുും വെനസ്വേലൻ നേതാവിനെയും ഭാര്യയെയും രാജ്യത്തുനിന്ന് പുറത്താക്കിയെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മഡുറോയെ അമേരിക്കൻ സൈന്യത്തിന്റെ ഡെൽറ്റ ഫോഴ്‌സിന്റെ ഒരു പ്രത്യേക വിഭാഗം തടവിലാക്കിയതായി അമേരിക്കൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. ട്രംപ് ദിവസങ്ങൾക്ക് മുൻപ് സൈനിക നടപടിക്ക് അനുമതി നൽകിയിരുന്നെന്നും മാസങ്ങളായി വെനസ്വേലൻ തീരത്തിനടുത്തായി അമേരിക്കൻ സൈനിക സാന്നിധ്യം വർധിച്ചുവരികയായിരുന്നെന്നും എൽ നാസിയോണൽ റിപ്പോർട്ട് ചെയ്തു.



