പുതുവത്സരരാവിൽ ആംസ്റ്റർഡാമിലെ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു

ആംസ്റ്റർഡാം : പുതുവത്സര രാത്രിയിലുണ്ടായ വൻതീപിടിത്തത്തിൽ ആംസ്റ്റർഡാമിലെ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു. നഗരത്തിലെ പ്രധാന പാർക്കുകളിലൊന്നിൽ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ വോണ്ടൽചർച്ചിൽ പുലർച്ചെയാണ് തീപ്പിടിത്തമുണ്ടായത്. 1872-ലാണ് ഈ പള്ളിയുടെ നിർമ്മാണപ്രവർത്തനം പൂർത്തിയായത്.
50 മീറ്റർ (164 അടി) ഉയരമുള്ള ഗോപുരം തകർന്നു വീഴുകയും മേൽക്കൂരയ്ക്ക് സാരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും കെട്ടിടം സംരക്ഷിക്കപ്പെടുമെന്ന് ആംസ്റ്റർഡാം അധികൃതർ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കരിമരുന്ന് അപകടത്തിൽ രണ്ടുപേർ മരിക്കുകയും പോലീസിനെതിരെയുള്ള അക്രമങ്ങളും നേരിട്ട അസ്വസ്ഥമായ പുതുവത്സരരാവാണ് നെതർലൻഡ്സിന്റേത്. രാജ്യത്തുടനീളം പോലീസിനും അഗ്നിശമന സേനാംഗങ്ങൾക്കും നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തെക്കൻ നഗരമായ ബ്രെഡയിൽ പോലീസിന് നേരെ അക്രമികൾ പെട്രോൾ ബോംബുകൾ എറിഞ്ഞു.
കരിമരുന്ന് അപകടങ്ങളിൽ 17 വയസ്സുള്ള ആൺകുട്ടിയും 38 വയസ്സുള്ള പുരുഷനും മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. റോട്ടർഡാമിലെ കണ്ണാശുപത്രിയിൽ 10 കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് നേത്രരോഗം ചികിത്സിച്ചതായി അറിയിച്ചു. രണ്ടു പേർക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നു. അനൗദ്യോഗിക കരിമരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് മുമ്പുള്ള അവസാന വർഷമായതിനാൽ, ഡച്ചുകാർ വൻതോതിൽ കരിമരുന്ന് വാങ്ങിയിരുന്നു. ചില പ്രദേശങ്ങൾ കരിമരുന്നില്ലാത്ത മേഖലകളായി നിശ്ചയിച്ചിരുന്നുവെങ്കിലും ഇതിന് കാര്യമായ ഫലം ഉണ്ടായില്ല.



