അന്തർദേശീയം
യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലിയും ബുർകിനഫാസോയും

ബമാകോ : യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ആഫ്രിക്കൻ രാഷ്ട്രങ്ങളായ മാലിയും ബുർകിനഫാസോയും. നേരത്തേ, ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകുടം യു.എസിൽ പ്രവേശനം നിരോധിച്ചിരുന്നു. ഇതിനു പകരമായാണ് ഇരു രാജ്യങ്ങളുടെയും നടപടി.
ഡിസംബർ 16നായിരുന്നു ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് ട്രംപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. സൈനിക ഭരണത്തിനുകീഴിലുള്ള ഈ രാജ്യങ്ങളിലെ പൗരന്മാർ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്നായിരുന്നു യു.എസിന്റെ ന്യായം. ഇതേ കാരണങ്ങളാൽ തങ്ങളും അമേരിക്കൻ പൗരന്മാർക്ക് വിലക്കേർപ്പെടുത്തുന്നുവെന്ന് മാലി വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സമാനമായ മറ്റൊരു പ്രസ്താവന ബുർകിനഫാസോയും പുറത്തിറക്കി.



