പലസ്തീൻ സംവിധായകൻ മുഹമ്മദ് ബക്രി അന്തരിച്ചു

ടെൽ അവീവ് : പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അറബി, ഹീബ്രു ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീന് ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകനാണ്. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് ബക്രി മരിച്ചെതെന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വടക്കൻ വെസ്റ്റ് ബാങ്ക് നഗരത്തിൽ നടന്ന ഇസ്രയേലി സൈനിക നടപടിയെക്കുറിച്ച് 2003ൽ സംവിധാനം ചെയ്ത “ജെനിൻ, ജെനിൻ” എന്ന ഡോക്യുമെന്ററിയിലൂടെയാണ് ബക്രി ശ്രദ്ധേയനായത്. പലസ്തീൻ നിവാസികളുടെ ഹൃദയഭേദകമായ ദുരന്തം കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററി ഇസ്രയേൽ നിരോധിച്ചു. പലസ്തീൻ കുടുംബത്തിന്റെ കഥ പറഞ്ഞ് 2025ൽ പുറത്തിറങ്ങിയ “ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു” എന്ന സിനിമയിൽ ബക്രി തന്റെ മക്കളായ ആദം ബക്രി, സാലിഹ് ബക്രി എന്നിവർക്കൊപ്പം അഭിനയിച്ചു. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള അക്കാദമി അവാർഡുകളുടെ ഷോർട്ട്ലിസ്റ്റിൽ ചിത്രം ഇടം നേടി.
വടക്കൻ ഇസ്രയേലിൽ ജനിച്ച് ഇസ്രയേൽ പൗരത്വം നേടിയ ബക്രി സിനിമയിലും നാടകത്തിലും ഒരുപോലെ സജീവമായിരുന്നു. പലസ്തീൻ ജനതയുടെ ജീവിതം പ്രമേയമാക്കി നിരവധി സിനിമകൾ അദ്ദേഹം നിർമിച്ചു. ഹീബ്രു ഭാഷയിലും 1980 കളിലും 90 കളിലും നിരവധി ഇസ്രയേലി സിനിമകളിലും അഭിനയിച്ചു. ടെൽ അവീവ് സർവകലാശാലയിലാണ് പഠനം പൂർത്തിയാക്കിയത്. പലസ്തീൻ എഴുത്തുകാരനായ എമിൽ ഹബീബിയുടെ രചനകളെ അടിസ്ഥാനമാക്കി 1986-ൽ പുറത്തിറങ്ങിയ “ദി പെസോപ്റ്റിമിസ്റ്റ്” ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകം. ഇസ്രയേലി, പലസ്തീൻ സ്വത്വങ്ങളുള്ള ഒരാളുടെ സങ്കീർണതകളാണ് നാടകം അവതരിപ്പിച്ചത്.
1980-കളിൽ, തടവിലാക്കപ്പെട്ട ഇസ്രായേലികളെയും പലസ്തീനികളെയും കുറിച്ചുള്ള ചിത്രമായ “ബിയോണ്ട് ദി വാൾസ്” ഉൾപ്പെടെയുള്ള മുഖ്യധാരാ ഇസ്രായേലി സിനിമകളിൽ ബക്രി അഭിനയിച്ചു. തന്റെ സിനിമ നിലപാടുകൾ കൊണ്ട് ഇരു രാജ്യങ്ങളിൽ നിന്നും എതിർപ്പുകളും വിമർശനങ്ങളും നേരിട്ടു. ജെനിൻ ജെനിൻ എന്ന ചിത്രത്തിനെതിരെ ഇസ്രയേൽ നിയമ നടപടി സ്വീകരിച്ചതോടെ രണ്ട് പതിറ്റാണ്ടോളം കോടതികൾ കയറേണ്ടതായി വന്നു. 2022-ൽ, ഇസ്രയേൽ സുപ്രീം കോടതി ഡോക്യുമെന്ററിയുടെ നിരോധനം ശരിവച്ചു. ഡോക്യുമെന്ററി ഇസ്രായേൽ സൈനികരെ അപകീര്ത്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ കോടതി ഇസ്രയേലി സൈനിക ഉദ്യോഗസ്ഥന് പതിനായിരം ഡോളർ നഷ്ടപരിഹാരം നൽകാനും ബക്രിയോട് ഉത്തരവിട്ടു. ജെനിൻ, ജെനിനു ശേഷം ബക്രി മുഖ്യധാരാ ഇസ്രയേലി സിനിമയിൽ പ്രവർത്തിച്ചിരുന്നില്ല.



