അന്തർദേശീയം

കിളിമഞ്ചാരോ പർവതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് മരണം

ദാർ എസ് സലാം : ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം പർവതത്തിലെ വിനോദസഞ്ചാരികളുടെ ക്ലൈംബിംഗ് റൂട്ടുകളിലൊന്നിലാണ് അപകടം നടന്നത്. മലമുകളിൽ നിന്ന് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്നതെന്ന് പൊലീസ് പറഞ്ഞു.

ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്ന രണ്ട് വിദേശികളും ഒരു പ്രാദേശിക ഡോക്ടറും ടൂർ ഗൈഡും പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. പർവതത്തിലെ ബരാഫു ക്യാമ്പിനും കിബോ സമ്മിറ്റിനും ഇടയിൽ 4,000 മീറ്ററിലധികം (13,100 അടി) ഉയരത്തിലാണ് അപകടമുണ്ടായത്.

മെഡിക്കൽ ഇവാക്വേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ളവ നടത്തുന്ന കിളിമഞ്ചാരോ ഏവിയേഷൻ കമ്പനിയുടേതാണ് വിമാനമെന്ന് കിളിമഞ്ചാരോ റീജിയണൽ പൊലീസ് കമാൻഡർ സൈമൺ മൈഗ്വ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടത്തെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കിളിമഞ്ചാരോ പർവതത്തിൽ വിമാനാപകടങ്ങൾ അപൂർവമാണ്. 2008 നവംബറിലാണ് അവസാനമായി വിമാനാപകടമുണ്ടായത്. അപകടത്തിൽ നാല് പേർ മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button