അന്തർദേശീയം

ചികിത്സയ്ക്കായി കാത്തിരിക്കേണ്ടിവന്നത് 8 മണിക്കൂർ; കാനഡയിൽ ഇന്ത്യൻ വംശജന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം

എഡ്‌മോണ്ടൺ : കാനഡയിലെ എഡ്‌മോണ്ടണിൽ ഇന്ത്യൻ വംശജന് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രശാന്തിനെ ചികിത്സയ്ക്കായി എട്ടു മണിക്കൂറിലേറെ സമയം അധികൃതർ കാത്തുനിർത്തിയെന്ന് അദ്ദേഹത്തിന്റെ പിതാവ് കുമാർ ശ്രീകുമാർ ആരോപിച്ചു. ഡിസംബർ 22-നായിരുന്നു സംഭവം.

ഡിസംബർ 22-ാം തീയതി ജോലി സ്ഥലത്തുവെച്ചാണ് പ്രശാന്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. പ്രശാന്തിന്റെ ക്ലൈന്റ് ഉടൻ തന്നെ അദ്ദേഹത്തെ തെക്കുകിഴക്കൻ എഡ്‌മോണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിലെത്തിച്ചു. ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാൻ ആശുപത്രി അധികൃതർ പറയുകയായിരുന്നുവെന്ന് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തു.

കുറച്ചു സമയത്തിനു ശേഷം, അദ്ദേഹത്തിന്റെ പിതാവ് കുമാർ ശ്രീകുമാർ ആശുപത്രിയിൽ എത്തി. തനിക്ക് വേദന സഹിക്കാനാകുന്നില്ലെന്ന് പ്രശാന്ത്, പിതാവിനോട് പറഞ്ഞിരുന്നു. ഇക്കാര്യം പ്രശാന്ത് ആശുപത്രി അധികൃതരോടും പറഞ്ഞു. എന്നാൽ, അവർ ഇസിജി എടുത്തെങ്കിലും അതിൽ കാര്യമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നുപറഞ്ഞ് വീണ്ടും കാത്തിരിക്കാൻ പറയുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ടൈലനോൾ നൽകി. കാത്തിരിപ്പ് നീണ്ടതോടെ ഇടയ്ക്കിടെ ഒരു നേഴ്‌സ് വന്ന് പ്രശാന്തിന്റെ രക്ത സമ്മർദം പരിശോധിക്കുകയും ചെയ്തിരുന്നു. രക്തസമ്മർദം കൂടിയും കുറഞ്ഞും കണ്ടിട്ടും അവർ യാതൊരു നടപടിയും എടുത്തില്ലെന്നും പ്രശാന്തിന്റെ പിതാവ് ഗ്ലോബൽ ന്യൂസിനോട് പറഞ്ഞു.

ഒടുവിൽ എട്ടുമണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ എമർജൻസി റൂമിലേക്ക് വിളിപ്പിച്ചത്. ഇതോടെ പ്രശാന്ത് കുഴഞ്ഞുവീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കുഴഞ്ഞുവീണിട്ടും സഹായത്തിനായി വിളിച്ചെങ്കിലും ഏറെ വൈകിയാണ് നേഴ്‌സുമാർ എത്തിയതെന്നും പ്രശാന്തിന്റെ പിതാവ് ആരോപിച്ചു. ഭാര്യയും മൂന്ന്, പത്ത്, 14 വയസ്സുള്ള മൂന്ന് കുട്ടികളുമാണ് പ്രശാന്തിനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button