കടലൂരിൽ തമിഴ്‌നാട് സര്‍ക്കാര്‍ ബസിൻറെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് കാറുകളിൽ ഇടിച്ചു കയറി; 9 മരണം

ചെന്നൈ : നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ ബസും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം. കടലൂര്‍ ജില്ലയില്‍ തിട്ടക്കുടിക്ക് സമീപത്ത് ഉണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ടയര്‍ പൊട്ടിത്തെറിച്ച് ബസ് നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.
തിരുച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോള്‍ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡര്‍ തകര്‍ത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളില്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിശ്ശേഷം തകര്‍ന്നു.
കാര്‍ യാത്രികരാണ് മരിച്ചത്. ഏഴുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു. അപകടത്തെ തുടര്‍ന്ന് ചെന്നൈ- തിരുച്ചി ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.



