യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബ്രിട്ടനിൽ കനാൽ തകർന്ന് ബോട്ടുകൾ കുടുങ്ങി; അടിയന്തരാവസ്ഥ

ലണ്ടൻ : ബ്രിട്ടനിൽ ബോട്ട് ഗതാഗതം നടന്നിരുന്ന കനാലിൽ പെട്ടന്നുണ്ടായത് ഭീമൻ ഗർത്തം. കനാലിലെ വമ്പൻ കുഴിയിലേക്ക് ബോട്ടുകൾ വീഴുകയും ചില ബോട്ടുകൾ ഗർത്തത്തിന് സമീപത്ത് എത്തുകയും ചെയ്തതോടെ മേഖലയിൽ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഷ്രോപ്‌ഷയറിലെ വൈറ്റ് ചർച്ചിലെ ലാൻഗോലൻ കനാലിലാണ് തിങ്കളാഴ്ച അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. കനാൽ നിർമ്മാണത്തിലെ അപാകതകളാണ് ഇത്തരം സംഭവത്തിന് കാരണമായതെന്നാണ് എൻജിനീയർമാർ വിശദമാക്കുന്നത്. വെള്ളം ചുറ്റുപാടുമുള്ള കരഭാഗത്തേക്ക് ഇരച്ച് കയറുകയും കനാലിന്റെ അടി ഭാഗം ഇടിഞ്ഞ് വീണ് കിടങ്ങ് രൂപപ്പെടുന്നതുമാണ് എംബാങ്ക്മെന്റ് തകരാർ മൂലമുണ്ടാകുന്ന പ്രശ്നമെന്നും എൻജീനിയർമാർ വിശദമാക്കുന്നത്.

അമ്പത് മീറ്റർ നീളവും നാല് അടിയോളം ആഴവുമുള്ള കിടങ്ങിലേക്ക് രണ്ട് ചെറു ബോട്ടുകൾ വീണതോടെ മേഖലയിൽ ബോട്ട് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് അമ്പതിലേറെ അഗ്നിരക്ഷാ പ്രവർത്തകരാണ് എത്തിയിട്ടുള്ളത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം 4.20 ഓടെ ഇത്തരത്തിൽ ഗർത്തം രൂപം കൊണ്ടതായുള്ള സന്ദേശങ്ങൾ ലഭിച്ച് തുടങ്ങിയതായാണ് ഷ്രോപ്‌ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ വിശദമാക്കുന്നത്. കനാലിലെ വെള്ളം സമീപത്തെ ഭൂമിയിലേക്ക് ഒഴുകി പോയ നിലയിലാണ് ഉള്ളത്.

കനാലിൽ വെള്ളമൊഴുക്ക് നിലച്ചതോടെ കുടുങ്ങിപ്പോയ ബോട്ടുകളിൽ നിന്നുള്ള ആളുകളെ പുറത്ത് എത്തിച്ചു. കനാലിൽ വെള്ളമില്ലാത്തതിനാലും ഗർത്തം രൂപപ്പെട്ടതിനാലും പ്രദേശം സുരക്ഷിതമല്ലെന്നും ജനങ്ങൾ ഇവിടേക്ക് വരരുതെന്നുമാണ് അധികൃതർ വിശദമാക്കിയത്. കനാലിലെ വെള്ളം കുറഞ്ഞതോടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button