ദേശീയം

ഗഗന്‍യാന്‍ : ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണങ്ങള്‍ വിജയകരം

ബംഗളൂരു : ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണം വിജയകമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം തിരിച്ചിറങ്ങുന്ന ക്രൂ മോഡ്യൂളിന്റെ വേഗത കുറയ്ക്കാനും അതിനെ സ്ഥിരപ്പെടുത്താനും ഉപയോഗിക്കുന്ന ഡ്രാഗ് പാരച്യൂട്ടുകളുടെ പ്രവര്‍ത്തനമാണ് ഐഎസ്ആര്‍ഒ പരീക്ഷിച്ചത്. ചണ്ഡീഗഡിലെ ഡിആര്‍ഡിഒ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ഡിസംബര്‍ 18, 19 തീയതികളിലായിരുന്നു പരീക്ഷണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അറൂന്നൂറ് കിലോമീറ്റര്‍ വേഗതയില്‍ റെയില്‍വെ ട്രാക്കിലൂടെ സഞ്ചരിച്ച എഞ്ചിന്റെ വേഗത പാരച്യൂട്ടുകളുടെ സഹായത്തോടെ കുറച്ചായിരുന്നു പരീക്ഷണം.

ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന പേടകത്തിന്റെ വേഗത ഗണ്യമായി കുറയ്ക്കുക എന്നതാണ് ഡ്രാഗ് പാരച്യൂട്ടുകളുടെ ലക്ഷ്യം. ഇതിന് സമാനമായി നടത്തിയ പരീക്ഷണത്തില്‍ മൂന്ന് പൈലറ്റ് പാരച്യൂട്ടുകളും മൂന്ന് മെയിന്‍ പാരച്ച്യൂട്ടുകളും വിന്യസിച്ച് സുരക്ഷിതമായ ലാന്‍ഡിങ്ങ് ഉറപ്പാക്കിയായിരുന്നു പരീക്ഷണം. പത്ത് പാരച്യൂട്ടുകള്‍ അടങ്ങുന്ന സങ്കീര്‍ണ്ണമായ ഡിസെലറേഷന്‍ സംവിധാനമാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി ഐഎസ്ആര്‍ഒ സജ്ജീകരിച്ചിരിക്കുന്നത്.

പ്രതികൂല സാഹചര്യങ്ങളിലും ഡ്രോഗ് പാരച്യൂട്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പരീക്ഷണങ്ങള്‍. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, ഡിആര്‍ഡിഒ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. 2026 ല്‍ നിശ്ചയിച്ചിരിക്കുന്ന ആദ്യ ആളില്ലാ ഗഗന്‍യാന്‍ വിക്ഷേപണത്തിന് മുന്നോടിയായിട്ടുള്ള വലിയൊരു ചുവടുവെപ്പാണിത്.

ഗഗന്‍യാന്‍ ദൗത്യത്തിന്റ ഭാഗമായ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് പരീക്ഷണം ഓഗസ്റ്റില്‍ ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കിയിരുന്നു. ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളുമായി ബന്ധപ്പെട്ട മറ്റൊരു പരീക്ഷണം നവംബറില്‍ ഝാന്‍സിയിലെ ബാബിന ഫീല്‍ഡ് ഫയറിങ്് റേഞ്ചിലും പൂര്‍ത്തിയാക്കിയിരുന്നു. ബഹിരാകാശത്ത് വച്ചുള്ള ബൂസ്റ്റിംഗ്, ഡീ-ബൂസ്റ്റിങ്, സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഹോട്ട് ടെസ്റ്റുകള്‍ എന്നിവ ജൂലായിലും ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button