റഷ്യന്‍ സൈന്യത്തില്‍ 202 ഇന്ത്യക്കാര്‍, 26 പേര്‍ കൊല്ലപ്പെട്ടു, ഏഴ് പേരെ കാണാതായി; വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി : യുക്രെയ്‌നുമായുള്ള യുദ്ധ കാലത്ത് റഷ്യന്‍ സൈന്യത്തില്‍ 202 ഇന്ത്യക്കാര്‍ ചേര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാലയളവില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായി 119 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധിച്ചു. 26 പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. ഏഴ് പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം റഷ്യ തന്നെ സ്ഥിരീകരിച്ചു. മരിച്ചവരില്‍ രണ്ട് പേരെ റഷ്യയില്‍ തന്നെ സംസ്‌കരിച്ചിട്ടുണ്ട്. പട്ടികയില്‍ ബാക്കിയുള്ള 50 പേരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.
റഷ്യന്‍ സൈന്യത്തിലുള്ള ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷ, ക്ഷേമം, തിരിച്ചെത്തിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റഷ്യയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും നേതാക്കള്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥ തലത്തിലുള്ള നീക്കങ്ങള്‍ സജീവമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെയുടെയും കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെയും ചോദ്യത്തിന് മറുപടിയായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
റഷ്യന്‍ സൈന്യത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരോ നിര്‍ബന്ധിതമായി ജോലി ചെയ്യിക്കുന്നവരോ ആയി തിരിച്ചറിഞ്ഞ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം, 2022 മുതല്‍ മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം എന്നിവയായിരുന്നു എംപിമാര്‍ ആരാഞ്ഞത്.



