ദുബൈയിൽ പാർക്കിങ്ങിൽ വ്യാജ ക്യു ആർ കോഡ്; നിരവധി പേർക്ക് പണം നഷ്ടമായി, പിന്നാലെ പിഴയും

ദുബൈ : പണമടയ്ക്കാനായി ക്യു ആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാർക്കിങ് കമ്പനി സ്ഥാപിച്ചിരുന്ന ക്യു ആർ കോഡുകളിൽ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറിയിരുന്നു. ഇതോടെയാണ് വാഹനയാത്രക്കാർക്ക് ജാഗ്രത നിർദേശവുമായി ആർ ടി എ രംഗത്ത് എത്തിയത്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏരിയ കോഡ് ബോർഡിൽ പാർക്കിൻ കമ്പനി ക്യുആർ കോഡ് സ്ഥാപിച്ചിരുന്നു. ഇതിലൂടെ ഉപഭോക്താവിന് പണം അടച്ചു വാഹനം പാർക്ക് ചെയ്യാൻ സാധിക്കും.
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബൈയിലെ നിരവധി ഡ്രൈവർമാർക്ക് പാർക്കിങ് ഫീസ് അടച്ചില്ല എന്ന കുറ്റത്തിന് പിഴ അടയ്ക്കണമെന്ന് നോട്ടീസ് ലഭിച്ചിരുന്നു. പാർക്കിങ് ഫീ അടച്ചിട്ടാണ് വാഹനം പാർക്ക് ചെയ്‌തത് എന്ന അവകാശവാദവുമായി ഡ്രൈവർമാരും രംഗത്ത് എത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിലെ തട്ടിപ്പ് കണ്ടെത്തിയത്. പാർക്കിൻ കമ്പനി ഒട്ടിച്ച ക്യു ആർ കോഡിന് മുകളിൽ തട്ടിപ്പുകാർ പുതിയ ക്യു ആർ കോഡ് ഒട്ടിച്ചു. വാഹനം പാർക്ക് ചെയ്യാൻ എത്തിയ ആളുകൾ ഈ ക്യു ആർ കോഡിലൂടെയാണ് പലരും പണം അടച്ചത്. ഇങ്ങനെയാണ് പലരും തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.



