14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളിൽ ശിരോവസ്ത്ര വിലക്കേര്‍പ്പെടുത്തി ആസ്ട്രിയ

വിയന്ന : 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളിൽ ശിരോവസ്ത്രം ധരിച്ചെത്തുന്നതിന് നിരോധനമേര്‍പ്പെടുത്തി ആസ്ട്രിയന്‍ പാര്‍ലമെന്റ്. ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ക്കനുസൃതമായി തല മറച്ചുകൊണ്ട് ശിരോവസ്ത്രം ധരിച്ച് ആരെങ്കിലും സ്‌കൂളുകളിലേക്ക് വരികയാണെങ്കില്‍ കനത്ത പിഴ ചുമത്താനും തീരുമാനമായി. ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തെ പാര്‍ലമെന്റ് വമ്പിച്ച ഭൂരിപക്ഷത്തോടെ വ്യാഴാഴ്ച പാസ്സാക്കുകയായിരുന്നു.
നേരത്തെ, 2019ലും സമാനമായ രീതിയില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ ശിരോവസ്ത്രം വിലക്കണമെന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നിയമം റദ്ദാക്കുകയും ചെയ്തു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‌ലിം വിദ്യാര്‍ത്ഥികളോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാട്ടിയുടെ എതിർപ്പിന് പിന്നാലെയാണ് റദ്ദാക്കല്‍. നിയമം കോടതിയില്‍ നിലനിര്‍ത്തുന്നതിനായി പരമാവധി ശ്രമിക്കുന്നുവെന്ന് ആസ്ട്രിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കുടിയേറ്റവിരുദ്ധ വികാരവും ഇസ്‌ലാമോഫോബിക് വികാരവും വര്‍ധിച്ചുവരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആസ്ട്രിയയിലെ മൂന്ന് കേന്ദ്രീകൃത പാര്‍ട്ടികള്‍ പുതിയ നിയമത്തെ പിന്തുണച്ച് മുന്നോട്ട് വന്നത്. സ്‌കൂളുകളില്‍ എല്ലാ കുട്ടികൾക്കും ഒരേ നിയമം വേണമെന്ന് വാദിക്കുന്ന ഫ്രീഡം പാര്‍ട്ടിയും ഇവര്‍ക്ക് പിന്തുണ നല്‍കി. ഗ്രീന്‍സ് പാര്‍ട്ടി മാത്രമാണ് പുതിയ നിയമത്തെ എതിര്‍ക്കാനുള്ള ശ്രമം നടത്തിയത്.
‘മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം’ അടിച്ചമര്‍ത്തലിന്റെ പ്രതീകമാണെന്നായിരുന്നു ഭരണസഖ്യത്തിന് നേതൃത്വം നല്‍കുന്ന ദേശീയോദ്ഗ്രഥന മന്ത്രി ക്ലൗഡിയ പ്ലാക്കോമിന്റെ നിരീക്ഷണം.
‘വളര്‍ത്തുദോഷമുള്ള പുരുഷന്മാരുടെ ഒളിനോട്ടത്തില്‍ നിന്നുള്ള സ്ത്രീകളുടെ സുരക്ഷാകവചമാണ് ശിരോവസ്ത്രമെന്ന്’ ലിബറല്‍ നിയോസ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് യാന്നിക്ക് ഷെട്ടി അഭിപ്രായപ്പെട്ടു.
ആസ്ട്രിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിക് സാഹചര്യത്തിലേക്ക് പുതിയ നിയമം വിരല്‍ചൂണ്ടുന്നുവെന്ന് ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ മുതിര്‍ന്ന റിസേര്‍ച്ചര്‍ ഫരീദ് ഹാഫിസ് അല്‍ജസീറയോട് പ്രതികരിച്ചു. ‘കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ അടങ്ങാത്ത അഭിനിവേശമൊന്നുമല്ല പുതിയ നിയമത്തിന് പിന്നില്‍. രാജ്യത്തിനകത്തെ വലിയൊരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും സമ്മതം മൂളിയിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമത്തിനെതിരെ രാജ്യത്തിനകത്തെ ചെറുതും വലുതുമായ അവകാശസംരക്ഷണ സംഘടനകള്‍ കടുത്ത പ്രതിഷേധമറിയിച്ചുകൊണ്ട് രംഗത്തെത്തി. മുസ്‌ലിംകള്‍ക്കെതിരായ വംശീയാതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ നിയമമെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പക്ഷം. കുട്ടികളെ ശാക്തീകരിക്കേണ്ടതിന് പകരം അരികുവത്കരിക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഐജിജിഒയും പ്രതികരിച്ചു.



