കുടിയേറ്റക്കാരെ അധിക്ഷേപിച്ചു; യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന് രൂക്ഷവിമർശനം

വാഷിങ്ടൺ ഡിസി : കുടിയേറ്റക്കാരെ അധിക്ഷേപിച്ച യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന് രൂക്ഷവിമർശനം. ജെ ഡി വാൻസ് നടത്തിയ കുടിയേറ്റ വിരുദ്ധ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ‘കൂട്ടമായുള്ള കുടിയേറ്റം അമേരിക്കൻ സ്വപ്നങ്ങളെ കവർന്നെടുക്കലാണ്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെ, ‘താങ്കളുടെ ഭാര്യ കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള ഇന്ത്യക്കാരിയല്ലേ’ എന്നു ചോദിച്ച് ആളുകൾ രംഗത്തെത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ ഇന്ത്യൻ കുടിയേറ്റ പശ്ചാത്തലം ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് ഉയരുന്നത്.
കുടിയേറ്റക്കാർ അമേരിക്കക്കാരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്ന് പറഞ്ഞ വാൻസ്, മറിച്ചുള്ള റിപ്പോർട്ടുകൾ പെയ്ഡ് ആണെന്നും ആരോപിച്ചു. അത്തരം റിപ്പോർട്ടുകൾ പഴയ സിസ്റ്റത്തിൽ നിന്ന് പണമുണ്ടാക്കുന്ന ആളുകൾക്ക് വേണ്ടി പണം കൊടുത്ത് ചെയ്യിക്കുന്നതാണെന്നും അദ്ദേഹം ആരോപിക്കുന്നു.
കുടിയേറ്റക്കാർ അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്ന വാൻസിന്റെ വാദമാണ് സോഷ്യൽ മീഡിയയിൽ തിരിച്ചടിയായത്. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ ഉഷ വാൻസാണ് ജെ ഡി വാൻസിന്റെ ഭാര്യ. ഇവർക്ക് ഇവാൻ, വിവേക് എന്നീ രണ്ട് ആൺമക്കളും മിറാബൽ എന്ന ഒരു മകളുമുണ്ട്.
‘ക്ഷമിക്കണം, നിങ്ങളുടെ ഭാര്യ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള ഇന്ത്യക്കാരിയല്ലേ?’ എന്നായിരുന്നു വാൻസിന്റെ പ്രസ്താവനയോട് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ‘അപ്പൊ നിങ്ങൾ ഉഷയെയും അവരുടെ ഇന്ത്യൻ കുടുംബത്തെയും നിങ്ങളുടെ സങ്കര വംശജരായ മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയക്കണം. ടിക്കറ്റ് എപ്പോൾ വാങ്ങുമെന്ന് അറിയിക്കുക. നിങ്ങൾ മാതൃക കാണിക്കണം.’ എന്ന് മറ്റൊരാൾ പരിഹസിച്ചു. ‘നിങ്ങളുടെ ഭാര്യയും മക്കളുമാണ് അമേരിക്കൻ സ്വപ്നം മോഷ്ടിക്കുന്നത്.’ എന്നും ചിലർ കമന്റ് ചെയ്തു.
റിപ്പബ്ലിക്കൻ നോമിനേഷൻ നേടാൻ ഭാര്യയെയും കുടുംബത്തെയും സ്വന്തം മക്കളെയും ഒറ്റിക്കൊടുക്കേണ്ട ആവശ്യമില്ലെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. “അമ്മായിയമ്മമാരെ വെറുക്കുന്നത് മനസ്സിലാക്കാം, പക്ഷേ ഇത് കുറച്ച് കൂടിപ്പോയില്ലേ?” എന്നും ചിലർ ചോദിച്ചു.



